സ്വവര്‍ഗ്ഗാനുരാഗികള്‍ എന്ന് സംശയം, രണ്ട് യുവതികളുടെ സ്വകാര്യ ഭാഗത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പു വടി കൊണ്ട് പൊള്ളലേല്‍പ്പിച്ചു; ബന്ധുക്കള്‍ക്കായി തെരച്ചില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 12:51 PM  |  

Last Updated: 11th November 2022 12:51 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ എന്ന് സംശയിച്ച് രണ്ടു യുവതികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സ്വകാര്യ ഭാഗത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പു വടി കൊണ്ട് പൊള്ളലേല്‍പ്പിച്ചു. ഇവരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.  പ്രതികളെ തിരിച്ചറിഞ്ഞതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

മൂര്‍ഷിദാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.പ്രതികളില്‍ രണ്ടുപേര്‍ യുവതികളുടെ ബന്ധുക്കളാണ്. മറ്റൊരാളുടെ സഹായത്തോടെ ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്ന് യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

യുവതികള്‍ ചെറുപ്പം മുതല്‍ ഒരുമിച്ചാണ് കളിച്ച് വളര്‍ന്നതെന്ന് യുവതികളില്‍ ഒരാളുടെ അമ്മ പറയുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തില്‍ ഗ്രാമവാസികളില്‍ ചിലര്‍ അസ്വസ്ഥരായിരുന്നുവെന്നും അമ്മ പറയുന്നു.

ഒക്ടോബര്‍ 26നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തലേന്ന് രാത്രി കൂട്ടുകാരിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ചാണ് ഉറങ്ങിയത്. സംഭവ ദിവസം രാവിലെ എന്തിനാണ് തങ്ങള്‍ കിടക്ക പങ്കിടുന്നത് എന്ന് ചോദിച്ച് പ്രതികള്‍ മുറിയിലേക്ക് അതിക്രമിച്ച് കയറി. തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ലെസ്ബിയന്‍സ് എന്ന് വിളിച്ച് അപമാനിച്ചു. സ്വകാര്യഭാഗത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് പൊള്ളലേല്‍പ്പിച്ചു. വിവസ്ത്രരാക്കി ബലാത്സംഗം ചെയ്യാനും പ്രതികള്‍ ശ്രമിച്ചതായും യുവതികള്‍ പറയുന്നു. മൂന്ന് പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായും ഒളിവില്‍ പോയ മറ്റു രണ്ടുപേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

എഫ്‌ഐആറിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കാനാവില്ല, നിയമനത്തിന് അയോഗ്യതയല്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ