അഞ്ച് കുറിപ്പുകൾ എഴുതി വാങ്ങി; ആത്മഹത്യ അഭിനയിക്കാൻ ആവശ്യപ്പെട്ടു; കയറ്റി നിർത്തി സ്റ്റൂൾ തട്ടിമാറ്റി; 16കാരിയെ കൊന്ന് അച്ഛന്റെ കൊടും ക്രൂരത
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th November 2022 07:11 PM |
Last Updated: 13th November 2022 07:11 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: പിതാവ് 16കാരിയായ മകളെ കൊലപ്പെടുത്തി. ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയ ശേഷമായിരുന്നു അച്ഛന്റെ കൊടും ക്രൂരത. 16കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ഈ മാസം ആറിന് മഹാരാഷ്ട്രയിലെ നാഗ്‌പുരിലെ കൽമാനയിലെ വീട്ടിലാണു പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും ബന്ധുക്കളെയും പാഠം പഠിപ്പിക്കുന്നതിനായി ആത്മഹത്യാക്കുറിപ്പ് എഴുതി നൽകിയതിനു ശേഷം ആത്മഹത്യ ചെയ്യുന്നതു പോലെ അഭിനയിക്കാൻ പിതാവ് പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെ കൈപ്പടയിൽ എഴുതിയ അഞ്ച് ആത്മഹത്യാക്കുറിപ്പുകൾ കൽമാനയിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഈ കുറിപ്പുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ രണ്ടാനമ്മ, അമ്മാവൻ, അമ്മായി, മുത്തശ്ശൻ, മുത്തശ്ശി എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പിതാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് കൊലപാതകത്തിലേക്കു വിരൽ ചൂണ്ടുന്ന തെളിവുകൾ പൊലീസിന് ലഭിച്ചത്.
12 വയസുള്ള ഇളയ സഹോദരിയുടെ കൺമുന്നിൽ വച്ചാണു 40കാരനായ പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. കഴുത്തില്‍ കുരുക്കിട്ട് പെണ്‍കുട്ടിയെ സ്റ്റൂളിന് മുകളില്‍ കയറ്റി നിര്‍ത്തി. പെൺകുട്ടിയോടു തൂങ്ങി മരിക്കുന്നതു പോലെ അഭിനയിക്കാൻ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം സ്റ്റൂള്‍ തട്ടിമാറ്റി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം വീട്ടിൽ നിന്നിറങ്ങി പോയ പ്രതി അൽപസമയത്തിനകം തിരിച്ചെത്തി.
ഇയാൾ തന്നെയാണ് മരണ വിവരം പൊലീസിൽ അറിയിച്ചത്. വീട് വിട്ടുപോയ താൻ തിരികെയെത്തിയപ്പോൾ പെൺകുട്ടിയെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതായി കാണിക്കുന്ന ചിത്രങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയതിനു പിന്നാലെയുള്ള ചോദ്യം ചെയ്യലിൽ കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിക്കുകയായിരുന്നു. ആദ്യ ഭാര്യ 2016ല്‍ ആത്മഹത്യ ചെയ്തിരുന്നു. രണ്ടാം ഭാര്യയും ഇയാളെ ഉപേക്ഷിച്ചു. കൊലപാതകത്തിനു പിന്നിലുള്ള കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
കാമുകനെ കാണാന്‍ ആഗ്രഹം, ഹൈദരാബാദില്‍ നിന്ന് യുപിയില്‍ എത്തി; 25കാരിയെ തലയ്ക്കടിച്ചു കൊന്നു
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ