നാലുവര്‍ഷം മുന്‍പ് 'തട്ടിക്കൊണ്ടുപോയി'; യുവാവിന്റെ മൃതദേഹം കാമുകന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍, ഭാര്യ കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശില്‍ നാലുവര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ചിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാലുവര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ചിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയല്‍വാസിയുടെ വീട്ടില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയെയും അയല്‍വാസിയായ കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

ഗാസിയാബാദിലാണ് സംഭവം. നാലുവര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കേസ് തെളിയിച്ചത്. 2018ല്‍ ചന്ദ്ര വിര്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് ഭാര്യ സവിതയാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസ് അന്വേഷണത്തില്‍ ഉടനീളം യുവാവിന്റെ ഇളയ സഹോദരന് മേലാണ് ഭാര്യ ആരോപണം ഉന്നയിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

അടുത്തിടെ, ക്രൈംബ്രാഞ്ചിന് ലഭിച്ച ചില തുമ്പുകളാണ് കേസില്‍ വഴിത്തിരിവായത്. എന്നാല്‍ അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തയ്യാറായില്ല. സവിതയും അയല്‍വാസിയായ കാമുകനും ചേര്‍ന്നാണ് ചന്ദ്ര വീറിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

അയല്‍വാസിയായ അരുണ്‍ യുവാവിനെ വെടിവെച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അരുണിന്റെ വീട്ടില്‍ ഏഴടി താഴ്ചയില്‍ കുഴിയെടുത്ത് മൃതദേഹം മൂടുകയായിരുന്നു. അരുണിന്റെ വീട്ടില്‍ നിന്ന് ജീര്‍ണിച്ച് അസ്ഥികൂടമായി മാറിയ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തതെന്നും പൊലീസ് പറയുന്നു.

ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കുഴി സിമന്റ് ഇട്ട് മൂടിയ നിലയിലായിരുന്നു. അരുണ്‍ ഇവിടെ തന്നെയാണ് കഴിഞ്ഞിരുന്നത്. ചന്ദ്ര വീറിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്നെ കുഴി തയ്യാറാക്കിയിരുന്നു. കൊലപാതകത്തില്‍ ഗൂഢാലോചന നടന്നു എന്നതിന്റെ സൂചനയാണിതെന്നും പൊലീസ് പറയുന്നു. ദുര്‍ഗന്ധം പുറത്തേയ്ക്ക് വമിക്കാതിരിക്കാനാണ് ആഴത്തില്‍ കുഴിയെടുത്തതെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് ഉപയോഗിച്ച് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com