മറ്റൊരാളെ വിവാഹം ചെയ്തു; ക്ഷേത്രത്തില്‍ 'പോകാനായി' വിളിച്ചുകൊണ്ടുപോയി; യുവതിയെ കൊന്നു കഷ്ണങ്ങളാക്കി, മുന്‍ കാമുകന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 09:51 PM  |  

Last Updated: 20th November 2022 09:51 PM  |   A+A-   |  

crime

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കിണറ്റില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍. തെളിവെടുപ്പിനിടെ, രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വെടിയേറ്റു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു.

ശനിയാഴ്ചയാണ് കൊലപാതക കേസില്‍ പ്രിന്‍സ് യാദവ് അറസ്റ്റിലായത്. കൊലപാതകം നടന്ന സ്ഥലത്ത് യുവാവ് തോക്ക് ഒളിപ്പിച്ചു വച്ചിരുന്നു. തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചപ്പോള്‍, പ്രിന്‍സ് യാദവ് ഒളിപ്പിച്ചു വച്ചിരുന്ന തോക്കെടുത്ത് പൊലീസിന് നേരെ തിരിയുകയായിരുന്നു. കസ്റ്റഡിയില്‍ നിന്ന്് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് നേരെ പൊലീസ് വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ 15നാണ് അസംഗഡില്‍ കിണറ്റില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡല്‍ഹിയില്‍ ജീവിത പങ്കാളിയെ യുവാവ് കഴുത്തുഞെരിച്ച് കൊന്ന ശേഷം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെയാണ് അസംഗഡിലെ കൊലപാതകവും പുറത്തുവന്നത്. 

മാതാപിതാക്കളുടെ അടക്കം സഹായത്തോടെയാണ് പ്രിന്‍സ് യാദവ് കൊലപാതകം നടത്തിയത്. 30ല്‍ താഴെ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടത്.  മറ്റൊരാളെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

നവംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് യുവതിയെ യാദവ് ബൈക്കില്‍ കൊണ്ടുപോയി. ബന്ധു
സര്‍വേഷിന്റെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തിയത്. കരിമ്പിന്‍പാടത്ത് വച്ച് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

തുടര്‍ന്ന് രണ്ടുപേരുംകൂടി മൃതദേഹം ആറു കഷ്ണങ്ങളാക്കുകയായിരുന്നു. തുടര്‍ന്ന് പോളിത്തീന്‍ കവറിലാക്കി മൃതദേഹം കിണറ്റില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയുടെ തല മാത്രം കിണറിന് അരികിലുള്ള കുളത്തിലാണ് വലിച്ചെറിഞ്ഞതെന്നും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

മദ്യപിച്ച് ബസിൽ കയറി; യാത്രക്കാരനെ കണ്ടക്ടർ ബലം പ്രയോ​ഗിച്ച് റോഡിലേക്ക് തള്ളിയിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ