'ആ സമയത്തെ പ്രകോപനത്തില്‍ ചെയ്തുപോയി, തെറ്റുപറ്റി'; ശ്രദ്ധയെ കൊലപ്പെടുത്തിയെന്നു സമ്മതിച്ച് അഫ്താബ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd November 2022 01:01 PM |
Last Updated: 22nd November 2022 01:01 PM | A+A A- |

അഫ്താബ് പൂനെവാല, ശ്രദ്ധ/ എഎന്‍ഐ ചിത്രം
ന്യൂഡല്‍ഹി: വഴക്കിനെത്തുടര്‍ന്ന് പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്ന് ലിവിങ് ടുഗതര്‍ പങ്കാളിയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി അഫ്താബ് അമിന്‍ പൂനെവാല. ഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജഡ്ജിക്ക് മുന്നില്‍ അഫ്താബിന്റെ കുറ്റസമ്മതം.
ആ സമയത്തെ പ്രകോപനത്തിലാണ് അത്തരമൊരു തെറ്റ് സംഭവിച്ചതെന്നാണ് അഫ്താബ് ജഡ്ജിയോട് പറഞ്ഞത്. കേസില്‍ നാലു ദിവസം കൂടി അഫ്താബിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവുശേഖരണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
കൊല്ലപ്പെട്ട ശ്രദ്ധ വാല്‍ക്കറുടെ തല ഉള്‍പ്പെടെയുള്ള മൃതശരീര ഭാഗങ്ങള്‍, മുറിക്കാനുപയോഗിച്ച ആയുധം, യുവതിയുടെ മൊബൈല്‍ ഫോണ്‍, കൊലപാതകസമയത്ത് ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
അഫ്താബിന്റെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് അഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ കോടതി നേരത്തെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. മൂന്നാംമുറ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാര്‍ക്കോ ടെസ്റ്റിന് മുമ്പ് പോളിഗ്രാഫ് ടെസ്റ്റ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്.
ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അഫ്താബ് തെറ്റായ വിവരങ്ങള്‍ നല്‍കി പൊലീസിനെ കബളിപ്പിക്കുകയാണെന്നാണ് അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുള്ളത്. അഫ്താബ് അടിക്കടി മൊഴിമാറ്റുന്നത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാണ്.
ലിവിങ് ടുഗതര്‍ പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്ന് 36 കഷ്ണങ്ങളാക്കി മുറിച്ച് 300 ലിറ്റര്‍ ഫ്രിഡ്ജില്‍ മൂന്ന് ആഴ്ചയോളം വീട്ടില്‍ സൂക്ഷിക്കുകയും പിന്നീട് ഓരോഭാഗങ്ങളായി വനമേഖലയില്‍ ഉപേക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ