'എലിക്കു പൊലീസിനെ പേടിയില്ല!'; 581 കിലോ കഞ്ചാവ് തിന്നുതീര്‍ത്തു; റിപ്പോര്‍ട്ട് കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 10:16 AM  |  

Last Updated: 24th November 2022 10:16 AM  |   A+A-   |  

UP Police claim: Rats ate up 581 kg marijuana

പ്രതീകാത്മക ചിത്രം

 

മഥുര: വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന അഞ്ഞൂറു കിലോഗ്രാമിലേറെ കഞ്ചാവ് എലി തിന്നതായി ഉത്തര്‍പ്രദേശ് പൊലീസ്. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ്, മഥുര പൊലീസ് ഇക്കാര്യം അറിയിച്ചത്. 

മഥുരയിലെ ഷെല്‍ഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അതിനാല്‍ തൊണ്ടിമുതല്‍ ഹാജരാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് എലി ശല്യം ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എലികള്‍ കാഴ്ചയ്ക്കു ചെറുതാണെങ്കിലും ഭയങ്കര ശല്യക്കാരാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇവയ്ക്കു പൊലീസിനെയൊന്നും പേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

അറുപതു ലക്ഷത്തിന്റെ കഞ്ചാവാണ് എലികള്‍ തിന്നു നശിപ്പിച്ചത്. ഇതിനു തെളിവു ഹാജരാക്കാന്‍ അഡീഷനല്‍ ജില്ലാ ജഡ്ജി മഥുര എസ്എസ്പിക്കു നിര്‍ദേശം നല്‍കി. 

നേരത്തെ ഇറ്റാവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1400 കാര്‍ട്ടണ്‍ മദ്യം എലികള്‍ കുടിച്ചുതീര്‍ത്തെന്നാണ് അന്നു പൊലീസ് കോടതിയെ അറിയിച്ചത്. ഇത് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയും തുടര്‍ന്ന് പൊലീസുകാര്‍ മദ്യം മറിച്ചുവിറ്റതായി കണ്ടെത്തുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മേഘാലയയില്‍ ഭൂചലനം; പ്രഭവകേന്ദ്രം ഭൂനിരപ്പില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ആഴത്തില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ