സച്ചിന്‍ 'ചതിയന്‍', പാര്‍ട്ടിയെ വഞ്ചിച്ചു; മുഖ്യമന്ത്രിയാക്കില്ലെന്ന് അശോക് ഗെഹലോട്ട്; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 05:03 PM  |  

Last Updated: 24th November 2022 05:03 PM  |   A+A-   |  

Ashok_Gehlot_Sachin_Pilot-pti

ഫയല്‍ ചിത്രം

 

ജയ്പൂര്‍: ഇടക്കാലത്തെ വെടിനിര്‍ത്തലിന് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പോരു മുറുകുന്നു. മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ് ചതിയനാണെന്ന് മുഖ്യമന്ത്രി അശോക് ഹെഗലോട്ട് കുറ്റപ്പെടുത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗെഹലോട്ട് സച്ചിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

'ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. 10 എംഎല്‍എമാരുടെ പിന്തുണ പോലും സച്ചിന്‍ പൈലറ്റിനില്ല. അയാളെ  ഹൈക്കമാന്‍ഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാനാകില്ല. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ് സച്ചിന്‍. പാര്‍ട്ടിയെ വഞ്ചിച്ചയാളാണ്. ചതിയനാണ്'. ഗെഹലോട്ട് അഭിപ്രായപ്പെട്ടു. 

സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകുമെന്നുംം 2020ല്‍ സച്ചിന്‍ പൈലറ്റും കൂട്ടരും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തു വന്നതിനെ പരാമര്‍ശിച്ച് ഗെഹലോട്ട് പറഞ്ഞു. അന്ന് സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നില്‍ ബിജെപിയുടെ ഫണ്ട് ആണെന്നും ഗെഹലോട്ട് ആരോപിച്ചു. 

സച്ചിൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

പ്രതിസന്ധി കാലത്ത് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി ബിജെപിയുടെ രണ്ട് സീനിയര്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായും ധര്‍മ്മേന്ദ്ര പ്രധാനുമായിട്ടാണ് ചര്‍ച്ച നടത്തിയത്. അന്ന് സര്‍ക്കാരിനെതിരെ സച്ചിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 5 കോടി, 10 കോടി എന്നിങ്ങനെ ലഭിച്ചു. ബിജെപി ഡല്‍ഹി ഓഫീസില്‍ നിന്നാണ് പണം ലഭ്യമാക്കിയതെന്നും ഗെഹലോട്ട് ആരോപിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സച്ചിന്‍ പൈലറ്റും അശോക് ഗെഹലോട്ടും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും തലവേദനയായി മാറുകയാണ്. അവശേഷിക്കുന്ന ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നാണ് സച്ചിന്റെ ആവശ്യം. ഈ ആവശ്യം അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് തടയുമെന്നാണ് ഗുര്‍ജര്‍ വിഭാഗം ഭീഷണി ഉയർത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ സച്ചിന്‍ പൈലറ്റ് കോൺഗ്രസിൽ നിന്നും രാജി വച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മരിച്ചു കഴിഞ്ഞാലെങ്കിലും ജാതി ഒഴിവാക്കൂ'; എല്ലാവര്‍ക്കുമായി പൊതു ശ്മശാനങ്ങള്‍ നിര്‍മിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ