അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിക്കരുത്; ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 12:42 PM  |  

Last Updated: 25th November 2022 12:42 PM  |   A+A-   |  

amitab

അമിതാഭ് ബച്ചന്‍/ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: നടന്‍ അമിതാഭ് ബച്ചന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേരോ ചിത്രമോ ശബ്ദമോ ഉപയോഗിക്കുന്നതു വിലക്കി ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വ്യക്തിയെന്ന നിലയിലുള്ള  അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടി അമിതാഭ് ബച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് നവീന്‍ ചാവ്‌ലയുടെ ഉത്തരവ്.

ഹര്‍ജിക്കാരന്‍ അറിയപ്പെടുന്നയാളും ഒട്ടേറെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ താരപദവി അനുമതിയില്ലാതെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണ്. ഇതു പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമായ കാര്യമാണെന്ന് കോടതി പറഞ്ഞു.

അനുമതിയില്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നത് അമിതാഭ് ബച്ചന് അപകീര്‍ത്തി ഉണ്ടാക്കാം, അത് അദ്ദേഹത്തിന് ഉപദ്രവകരമാവാം. ഇതു തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയാണെന്ന് കോടതി പറഞ്ഞു. 

തന്റെ അനുമതിയില്ലാതെ ഓണ്‍ലൈന്‍ ഭാഗ്യക്കുറി പോലെയുള്ളവയുടെ പരസ്യങ്ങളിലും മറ്റും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നെന്നാണ് ബച്ചന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ബച്ചനു വേണ്ടി ഹാജരായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അച്ചടക്ക നടപടിയുടെ പേരിലുള്ള ആത്മഹത്യാ പ്രേരണ കേസ് നിലനില്‍ക്കില്ല: സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ