ഓസ്‌ട്രേലിയന്‍ യുവതിയെ കൊന്ന് ഇന്ത്യയിലേക്ക് കടന്നു, 5.23 കോടി രൂപ വിലയിട്ടു; ഇന്ത്യന്‍ നഴ്‌സ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 03:04 PM  |  

Last Updated: 25th November 2022 03:04 PM  |   A+A-   |  

Toyah_Cordingley

തോയ കോര്‍ഡിങ്ലെ , ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ വനിതയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ നഴ്‌സ് അറസ്റ്റില്‍.  കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്ന ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ മെയില്‍ നഴ്‌സായ രാജ് വീന്ദര്‍ സിങ് ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.

2018ലാണ് കേസിനാസ്പദമായ സംഭവം. തോയ കോര്‍ഡിങ്ലെ എന്ന ഓസ്‌ട്രേലിയന്‍ യുവതിയെയാണ് കൊലപ്പെടുത്തിയത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (5.23 കോടി രൂപ) ക്വീന്‍സ്ലന്‍ഡ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ക്വീന്‍സ്ലന്‍ഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളവയില്‍ ഏറ്റവും വലിയ തുകയാണ് ഇത്. 

2018 ഒക്ടോബറില്‍ വാങ്കെറ്റി ബീച്ചില്‍ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ തോയ കോര്‍ഡിങ്ലെയെ രാജ്വീന്ദര്‍ കൊലപ്പെടുത്തുകയായിരുന്നു. കോര്‍ഡിങ്ലെ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഭാര്യയെയും മൂന്നു മക്കളെയും ഓസ്‌ട്രേലിയയില്‍ ഉപേക്ഷിച്ച് ഇയാള്‍ നാടുവിട്ടു. 

കോര്‍ഡിങ്ലെ കൊല്ലപ്പെട്ടതിനു പിറ്റേന്ന് ഒക്ടോബര്‍ 22ന് കേണ്‍സ് വിമാനത്താവളം വഴി രാജ്വീന്ദര്‍ സിങ് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. കേണ്‍സില്‍നിന്ന് സിഡ്‌നിയില്‍ എത്തിയ ഇയാള്‍ 23ന് ഇന്ത്യയിലേക്കു പറന്നു. ഇയാള്‍ ഇന്ത്യയില്‍ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

 2021 മാര്‍ച്ചില്‍ ഇയാളെ കൈമാറണമെന്ന് ഓസ്‌ട്രേലിയ ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. ഈ മാസമാണ് ഇതിന് അനുമതി ലഭിച്ചത്. പഞ്ചാബ് സ്വദേശിയായ ഇയാള്‍ ഇന്നിസ്‌ഫെയ്ലില്‍ നഴ്‌സ് ആയാണ് ജോലി നോക്കിയിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രക്തം കുടിച്ചാല്‍ ഗര്‍ഭിണിയാവാം; മന്ത്രവാദിയുടെ വാക്കുകേട്ട് 10വയസുകാരനെ കൊലപ്പെടുത്തി; യുവതിക്ക് ജീവപര്യന്തം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ