'കൊത്തിപ്പൊരിച്ച മുട്ടയെ തിരിച്ചു മുട്ടയാക്കാനുള്ള ശ്രമം'; നോട്ടു നിരോധന കേസില്‍ എതിര്‍പ്പുമായി കേന്ദ്രം സുപ്രീം കോടതിയില്‍

ക്ലോക്ക് തിരിച്ചുവച്ചതുകൊണ്ട് എന്താണ് കാര്യം? അതുകൊണ്ട് ആര്‍ക്കും പ്രത്യേക ആശ്വാസമൊന്നും കിട്ടാനില്ല
സുപ്രീം കോടതി /ഫയല്‍ ചിത്രം
സുപ്രീം കോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: 2016ലെ നോട്ടു നിരോധനത്തിന്റെ നിയമ സാധുത പരിശോധിക്കാനുള്ള സുപ്രീം കോടതി തീരുമാനത്തില്‍ എതിര്‍പ്പുമായി കേന്ദ്ര സര്‍ക്കാര്‍. ആര്‍ക്കും പ്രത്യേകിച്ച് ആശ്വാസമൊന്നും നല്‍കാത്ത നടപടി ക്ലോക്ക് തിരിച്ചുവയ്ക്കലാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി കോടതിയില്‍ പറഞ്ഞു. കൊത്തിപ്പൊരിച്ച മുട്ടയെ തിരിച്ചു മുട്ടയാക്കാനുള്ള ശ്രമമാണ് ഇതെന്ന് അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒറ്റയടിച്ചു നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് എതിരായ ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്. 58 ഹര്‍ജികളാണ് ജസ്റ്റിസ് എസ്എ നസീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുന്നിലുള്ളത്.

ഇതെല്ലാം സാമ്പത്തിക കാര്യങ്ങളാണെന്നും വിദഗ്ധരാണ് അതു ചെയ്തതെന്നും അതുകൊണ്ട് പരിശോധിക്കേണ്ട കാര്യമില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നതെന്ന് കോടതി വിമര്‍ശിച്ചു. ചെയ്തത് നിയമപരമായാണോ എന്നതാണ് കോടതിക്കു മുന്നിലുള്ള വിഷയം. ഹര്‍ജിക്കാര്‍ അതാണ് ഉന്നയിക്കുന്നത്. അതില്‍ സര്‍ക്കാരിന്റെ മറുപടി എന്തെന്ന് കോടതി ആരാഞ്ഞു. 

റിസര്‍വ് ബാങ്ക് നിയമത്തിന്റെ 26-2 വകുപ്പു ലംഘിക്കപ്പെട്ടെന്നാണ് ഹര്‍ജിക്കാരുടെ ആക്ഷേപം. ഉദ്ദേശ്യം നല്ലതായിരുന്നെന്നും അതു നേടിയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ നടപടിക്രമങ്ങളില്‍ നിയമം പാലിച്ചോ എന്നതാണ് വിഷയം എന്ന് കോടതി പറഞ്ഞു. അതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

നോട്ടു നിരോധനത്തിന്റെ സാധുത പരിശോധിക്കുന്നതില്‍ ഇനി പ്രസക്തിയൊന്നുമില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ക്ലോക്ക് തിരിച്ചുവച്ചതുകൊണ്ട് എന്താണ് കാര്യം? അതുകൊണ്ട് ആര്‍ക്കും പ്രത്യേക ആശ്വാസമൊന്നും കിട്ടാനില്ല. കൊത്തിപ്പൊരിച്ച മുട്ടയെ തിരിച്ചു മുട്ടയാക്കുന്ന നടപടിയാണത്- എജി പറഞ്ഞു.

നോട്ടു നിരോധനത്തിന് റിസര്‍വ് ബാങ്ക് സമിതിയുടെ ശുപാര്‍ശയുണ്ടായിരുന്നോയെന്നത്, വിഷയത്തെ ചുരുക്കിക്കാണലാണെന്ന് അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു. നോട്ടു നിരോധനം ഒറ്റപ്പെട്ട ഒരു നയമായിരുന്നില്ല, സങ്കീര്‍ണമായ സാമ്പത്തിക നയത്തിന്റെ ഭാഗമാണത്. കുറച്ചു കള്ളപ്പണം പിടിക്കലോ കള്ളനോട്ടു പിടിക്കലോ  അല്ല, അതിനുമപ്പുറം വലിയ ഒരു കാന്‍വാസിലാണ് കാര്യങ്ങളെ സമീപിച്ചത്. പരാജയപ്പെട്ടു എന്നതുകൊണ്ടു മാത്രം ഉദ്ദേശ്യത്തെ തള്ളിപ്പറയാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. കേസില്‍ ഡിസംബര്‍ അഞ്ചിനു വാദം തുടരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com