'ഞങ്ങളെക്കൊണ്ട് തീരുമാനം എടുപ്പിക്കരുത്'; ജഡ്ജി നിയമനത്തില്‍ കേന്ദ്രത്തെ കുടഞ്ഞ് സുപ്രീം കോടതി, റിജിജുവിന് വിമര്‍ശനം 

ഉന്നത പദവി കൈയാളുന്ന ഒരാളില്‍നിന്ന് ഇത്തരമൊരു പരാമര്‍ശം പാടില്ലായിരുന്നെന്ന്  കോടതി
കിരണ്‍ റിജിജു/ഫയല്‍ ചിത്രം
കിരണ്‍ റിജിജു/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ച കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിന്റെ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അതെന്ന്, ജസ്റ്റിസുമാരായ എസ്‌കെ കൗളും എഎസ് ഓക്കയും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് കിരണ്‍ റിജിജു കൊളീജിയത്തെ വിമര്‍ശിച്ചു സംസാരിച്ചത്. ''കൊളീജിയത്തിന്റെ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്ന് പറയരുത്. അങ്ങനെയാണെങ്കില്‍ പിന്നെ ശുപാര്‍ശകള്‍ നല്‍കാതിരുന്നാല്‍ പോരെ? നിങ്ങള്‍ തന്നെ എല്ലാം ചെയ്താല്‍ മതിയല്ലോ'' എന്നായിരുന്നു റിജിജുവിന്റെ വാക്കുകള്‍. 

ഉന്നത പദവി കൈയാളുന്ന ഒരാളില്‍നിന്ന് ഇത്തരമൊരു പരാമര്‍ശം പാടില്ലായിരുന്നെന്ന്, കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതി പറഞ്ഞു. കൊളീജിയം ശുപാര്‍കളില്‍ തീരുമാനമെടുക്കുന്നതിന് മൂന്നംഗ ബെഞ്ച് നേരത്തെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടക്കണം. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) നിയമം സുപ്രീം കോടതി റദ്ദാക്കിയതിനു ശേഷമാണ് കൊളീജിയം ശുപാര്‍ശകള്‍ നടപ്പാക്കുന്നതു വൈകാന്‍ തുടങ്ങിയതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. എന്‍ജെഎസി റദ്ദാക്കിയത് സര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ കൊളീജിയം സംവിധാനമാണ് നിലവില്‍ രാജ്യത്തെ നിയമം. അതനുസരിച്ച് കാര്യങ്ങള്‍ നടക്കണമെന്ന് കോടതി പറഞ്ഞു.

കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണിയോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി തന്നെ തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് ബെഞ്ച് പറഞ്ഞു.

കോടതിയെ വികാരം സര്‍ക്കാരിനെ അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനും സോളിസിറ്റര്‍ ജനറലിനും കോടതി നിര്‍ദേശം നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com