കൂട്ട ബലാത്സംഗ കേസ് പ്രതികളുടെ മോചനം; ബില്‍ക്കിസ് ബാനു സുപ്രീംകോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 05:44 PM  |  

Last Updated: 30th November 2022 05:44 PM  |   A+A-   |  

bilkis

ബില്‍ക്കിസ് ബാനു/എഎഫ്പിന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തില്‍ കൂട്ടക്കൊല നടത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍ക്കിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ 11 പ്രതികളെ മോചിപ്പിച്ചിരുന്നു. കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജിയും ബില്‍കിസ് ബാനു നല്‍കിയിട്ടുണ്ട്.

അഡ്വ. ശോഭാ ഗുപ്തയാണ് ബുധനാഴ്ച രാവിലെ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് മുമ്പാകെ സമര്‍പ്പിച്ചത്. ഇപ്പോള്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിട്ടുള്ള ജസ്റ്റിസ് അജയ് റസ്‌തോഗിക്ക് ഈ വിഷയം കേള്‍ക്കാനാകുമോ എന്ന് ബില്‍ക്കിസ് ബാനുവിന്റ അഭിഭാഷക സംശയം പ്രകടിപ്പിച്ചു. പ്രതികളെ വിട്ടയക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് വിധിച്ച ബെഞ്ചിലെ ജഡ്ജിയാണ് ജസ്റ്റിസ് അജയ് റസ്‌തോഗി.

ആദ്യം പുനപ്പരിശോധന ഹര്‍ജി കേള്‍ക്കണം. അത് ജസ്റ്റിസ് റസ്‌തോഗിയുടെ മുന്നില്‍ വരട്ടെയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയം തുറന്ന കോടതിയില്‍ കേള്‍ക്കേണ്ടതുണ്ടെന്ന് അഡ്വക്കേറ്റ് ഗുപ്ത വാദിച്ചപ്പോള്‍, 'അത് കോടതിക്ക് മാത്രമേ തീരുമാനിക്കാന്‍ കഴിയൂ' എന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.ഇന്ന് വൈകുന്നേരം വിഷയം പരിശോധിച്ച ശേഷം ഹര്‍ജി ലിസ്റ്റ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി.

മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 1992 ലെ റെമിഷന്‍ നയം അനുസരിച്ചാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ വിട്ടയച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പ്രതികളെ വിട്ടയക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും അനുമതി നല്‍കിയിരുന്നു.

പുറത്തിറങ്ങിയ പ്രതികള്‍ക്ക് വിഎച്ച്പി സ്വീകരണം നല്‍കിയത് വ്യാപക വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. 2002 മാര്‍ച്ചില്‍ ഗോധ്ര കലാപത്തിന് ശേഷമുണ്ടായ ആക്രമണത്തിനിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ വധിക്കുകയും ചെയ്തത്. കുടുംബത്തിലെ മറ്റ് ആറ് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് 2004ലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് സുപ്രീം കോടതി കേസ് അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയിരുന്നു.2008ലാണ് മുബൈ സിബിഐ കോടതി 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ  പോപ്പുലര്‍ ഫ്രണ്ടിന് തിരിച്ചടി; വിലക്കു ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ