പത്ത് ദിവസത്തിനകം ഒഴിഞ്ഞുപോകണം; ഹനുമാന് റെയില്‍വേയുടെ നോട്ടീസ്

ക്ഷേത്രഭിത്തിയില്‍ പതിച്ച നോട്ടീസില്‍ ഹനുമാനാണ് കയ്യേറ്റം നടത്തിയതെന്നും അധികൃതര്‍ പറയുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പൂര്‍: റെയില്‍വേ ഭുമി കയ്യേറി നിര്‍മ്മിച്ച ക്ഷേത്രം ഒഴിയണമെന്നാവശ്യപ്പെട്ട് ഭഗവാന്‍ ഹനുമാന് നോട്ടിസ് അയച്ച് ധന്‍ബാദ് റെയില്‍ ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍. പത്ത് ദിവസത്തിനകം കയ്യേറ്റഭൂമിയിലെ ക്ഷേത്രം നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആനന്ദ് കുമാര്‍ പാണ്ഡെ അയച്ച നോട്ടീസില്‍ പറയുന്നു. ക്ഷേത്രഭിത്തിയില്‍ പതിച്ച നോട്ടീസില്‍ ഹനുമാനാണ് കയ്യേറ്റം നടത്തിയതെന്നും അധികൃതര്‍ പറയുന്നു.

ബേകര്‍ബന്ദ് റെയില്‍വേ കോളനിയിലുള്ള ഹനുമാന്‍ ക്ഷേത്ര അധികാരികള്‍ക്കാണ് റെയില്‍വേ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഭൂമി ഒഴിഞ്ഞ ശേഷം അത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ക്ക് കൈമാറണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ നോട്ടീസ് അയച്ച എന്‍ജിനിയറെ യുപിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ ഡിവിഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. കൂടാതെ മറ്റ് നാല് എന്‍ജിനീയര്‍മാരെയും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയതിനാല്‍ ഇത്തരത്തിലുള്ള സ്ഥലംമാറ്റം റെയില്‍വേയുടെ പതിവുരീതിയാണെന്നായിരുന്നു വിശദീകരണം.

ദൈവത്തിന് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത് തെറ്റായിരുന്നെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. അത്തരത്തില്‍ ഒരു തെറ്റ് സംഭവിക്കാന്‍ പാടില്ലായിരുന്നു. ജനങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ റെയില്‍വേ ഉദ്ദേശിച്ചിരുന്നില്ല. കയ്യേറ്റക്കാരില്‍ നിന്നും ഭൂമി ഒഴിപ്പിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ശ്രമിച്ചതെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രത്തിന് ചുറ്റുമായി താത്്കാലികമായി താമസിക്കുന്ന മറ്റ് 27 വീടുകള്‍ക്കും പാണ്ഡെ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ക്ഷേത്രമതിലില്‍ നോട്ടീസ് ഒട്ടിച്ചതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com