തല്ലിയതല്ല, കവിളില്‍ തലോടി സാന്ത്വനിപ്പിച്ചത്; ദൈവത്തെ പോലെ, മുഖത്തടിച്ച മന്ത്രിയെ പുകഴ്ത്തി സ്ത്രീ

ഭൂരേഖ കൈമാറ്റ ചടങ്ങിനിടെ കര്‍ണാടക ഭവനമന്ത്രി വി സോമണ്ണ മുഖത്തടിച്ച സംഭവത്തില്‍, തന്നെ തല്ലിയതല്ല, തലോടിയതാണെന്ന വിശദീകരണവുമായി സ്ത്രീ
മന്ത്രി സ്ത്രായെ മുഖത്തടിക്കുന്ന വീഡിയോയില്‍ നിന്ന്‌
മന്ത്രി സ്ത്രായെ മുഖത്തടിക്കുന്ന വീഡിയോയില്‍ നിന്ന്‌


ബെംഗളൂരു: ഭൂരേഖ കൈമാറ്റ ചടങ്ങിനിടെ കര്‍ണാടക ഭവനമന്ത്രി വി സോമണ്ണ മുഖത്തടിച്ച സംഭവത്തില്‍, തന്നെ തല്ലിയതല്ല, തലോടിയതാണെന്ന വിശദീകരണവുമായി സ്ത്രീ.  അടിയേറ്റ കെമ്പമ്മ എന്ന വീട്ടമ്മ മന്ത്രിയെ ദൈവതുല്യനാക്കി വാനോളം പുകഴ്ത്തുന്ന വിഡിയോ മന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു.

''മന്ത്രി സോമണ്ണ എന്നെ തല്ലിയതല്ല, കവിളില്‍ തലോടി സാന്ത്വനിപ്പിക്കുകയായിരുന്നു. വീട്ടില്‍ മറ്റ് ദൈവങ്ങളോടൊപ്പം മന്ത്രിയെ ആരാധിക്കുന്നുണ്ട്. വളരെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ളയാളാണ് ഞാന്‍. ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ വീണു, ഭൂമി അനുവദിച്ച് എന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ അദ്ദേഹം എന്നെ ഉയര്‍ത്തി ആശ്വസിപ്പിച്ചു. പക്ഷേ, എന്നെ തല്ലിയതായി ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നു'' -കെമ്പമ്മ പറഞ്ഞു.

''അദ്ദേഹം ഞങ്ങള്‍ക്ക് ഭൂമി നല്‍കി. ഞങ്ങള്‍ അടച്ച 4,000 രൂപയും അദ്ദേഹം തിരികെ നല്‍കി. മറ്റ് ദൈവങ്ങള്‍ക്കും ദേവതകള്‍ക്കും ഒപ്പം അദ്ദേഹത്തിന്റെയും ഫോട്ടോ വീട്ടില്‍ സൂക്ഷിച്ച് ഞങ്ങള്‍ ആരാധിക്കുന്നു''-മക്കളെയും ചേര്‍ത്തുനിര്‍ത്തി കെമ്പമ്മ പറഞ്ഞു.

സ്ത്രീയെ അടിക്കുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുകയും വാര്‍ത്തയാവുകയും ചെയ്തതോടെ മന്ത്രിക്കെതിരെ നാനാതുറകളില്‍നിന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നാലെ മന്ത്രി ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ 40 വര്‍ഷമായി താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും പരാതിക്കിടയാക്കിയ സംഭവം ആര്‍ക്കെങ്കിലും വേദനയുളവാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും മാപ്പ് പറയുന്നുവെന്നും മന്ത്രി പറഞ്ഞു. 

തുടര്‍ച്ചയായി വീട്ടമ്മ സ്റ്റേജിലേക്ക് വന്നതോടെ അവരോട് സ്റ്റേജിന് താഴെ കാത്തുനില്‍ക്കാന്‍ പറഞ്ഞതായും അതനുസരിക്കാതെ വീണ്ടും സ്റ്റേജിലേക്ക് വരുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. ചാമരാജ് നഗറിലെ ഗുണ്ടല്‍പേട്ട് താലൂക്കില്‍ ഹംഗളയിലാണ് ശനിയാഴ്ച വിവാദ സംഭവം നടന്നത്. ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയുടെ രേഖകള്‍ കൈമാറുന്ന ചടങ്ങായിരുന്നു ഇത്. പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതില്‍ വിവേചനം കാണിച്ചെന്നാരോപിച്ച് ചില വീട്ടമ്മമാര്‍ മന്ത്രിയെ ഘൊരാവോ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് മന്ത്രി വീട്ടമ്മയുടെ കരണത്തടിച്ചത്.

ജനങ്ങളോടുള്ള കര്‍ണാടകയിലെ ബിജെപി മന്ത്രിമാരുടെ പെരുമാറ്റ രീതിയാണ് സംഭവത്തില്‍ പ്രതിഫലിച്ചതെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അധികാരത്തിലിരിക്കുമ്പോള്‍ ക്ഷമ വേണമെന്നും അതില്ലാത്തവര്‍ക്ക് മന്ത്രി സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. വിവാദത്തിന് പിറകെ ഞായറാഴ്ച കെമ്പമ്മക്ക് ഭൂമി അനുവദിച്ച് മന്ത്രി ഉത്തരവിറക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com