കശ്മീരിൽ മണ്ണിടിച്ചില്‍; പൊലീസുകാരനടക്കം നാല് പേര്‍ മരിച്ചു; ആറ് പേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2022 12:48 PM  |  

Last Updated: 30th October 2022 12:48 PM  |   A+A-   |  

landslide

ഫോട്ടോ: ട്വിറ്റർ

 

ശ്രീനഗര്‍: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലില്‍ ഒരു പൊലീസുകാരനടക്കം നാല് പേര്‍ മരിച്ചു. കിഷ്ത്വാര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് അപകടം. സംഭവത്തിൽ   ആറ് പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കിഷ്ത്വാറിലെ നിര്‍മാണം നടക്കുന്ന റാറ്റില്‍ ജല വൈദ്യുത പദ്ധതിയുടെ പ്ലോട്ടിനരികെയാണ് മണ്ണിടിച്ചിലുണ്ടായത്‌. പരിക്കേറ്റവരെ രക്ഷിക്കാനായി നാട്ടുകാര്‍ ഓടിക്കൂടിയ സമയത്ത് മറ്റൊരു മണ്ണിടിച്ചിലുണ്ടായതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. 

പദ്ധതി പ്രദേശത്തിനരികെയുള്ള ലിങ്ക് റോഡിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പട്ടവരിൽ കൂടുതൽ. വലിയ പാറകള്‍ ഉരുണ്ടു വീഴുകയും തൊഴിലാളികള്‍ അതിനുള്ളില്‍ പെട്ടുപോവുകയുമായിരുന്നുവെന്ന് കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവ്‌നാശ് യാദവ് പിടിഐയോട് പറഞ്ഞു. ഒരു അസിസ്റ്റന്റ് എസ്ഐയും ജെസിബി ഓപ്പറേറ്ററുമടക്കം നാല് പേർ മരിച്ചു. മനോജ് കുമാര്‍ എന്ന ജെസിബി ഓപ്പറേറ്ററാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റവരില്‍ മൂന്ന് പേരെ ദോദയിലെ മെഡിക്കല്‍ കോളജിലേക്കും രണ്ട് പേരെ താത്രി ആശുപത്രിയിലേക്കും ഒരാളെ ജമ്മുവിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയി. 

അപകടത്തെക്കുറിച്ച് ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്നും കുടുങ്ങിപ്പോയവരെ രക്ഷപെടുത്താന്‍ വേണ്ട നടപടികളൊക്കെ കൈക്കൊള്ളുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ട്വിറ്ററില്‍ കുറിച്ചു. ജില്ലാ ഭരണകൂടവുമായി താന്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കയാണെന്നും അദ്ദേഹം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭാരത് ജോഡോ യാത്രയ്ക്കിടെ ഓടി രാഹുല്‍ ഗാന്ധി; ജയറാം രമേശിനൊപ്പം ഡാന്‍സ്; വീഡിയോ വൈറല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ