ഗുജറാത്ത് മോര്‍ബി തൂക്കുപാലം ദുരന്തം: മരണം 132 ആയി; തിരച്ചില്‍ തുടരുന്നു; പാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല, കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2022 08:36 AM  |  

Last Updated: 31st October 2022 08:36 AM  |   A+A-   |  

gujarath_disaster

രക്ഷാപ്രവര്‍ത്തനം തുടരുന്നു/ പിടിഐ

 

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 132 ആയി ഉയര്‍ന്നു. 177 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. 19 പേര്‍ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മരിച്ചവരില്‍ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം. മച്ഛു നദിയില്‍ കര-വ്യോമ-നാവിക സേനകള്‍, എന്‍ഡിആര്‍ഫ്, അഗ്‌നിശമന സേന തുടങ്ങിയവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം  തുടരുകയാണ്. സംഭവത്തില്‍ പാലം പുനര്‍നിര്‍മിച്ച ബ്രിജ് മാനേജ്‌മെന്റ് ടീമിനെതിരെ കേസെടുത്തതായി സംസ്ഥാന ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഘ്‌വി പറഞ്ഞു. 

തകര്‍ന്നുവീണ തൂക്കുപാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. പുനര്‍ നിര്‍മാണത്തിനു ശേഷം അനുമതിയില്ലാതെയാണ് പാലം തുറന്നുനല്‍കിയത്. 150 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അപകടസമയത്ത് അഞ്ഞൂറോളം പേരാണ് ഉണ്ടായിരുന്നത്. ഒരുകൂട്ടം ആളുകള്‍ മനഃപൂര്‍വം പാലം കുലുക്കിയതായും ആരോപണമുണ്ട്.

രക്ഷാപ്രവര്‍ത്തനം തുടരുന്നു/ പിടിഐ

മോര്‍ബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് വൈകീട്ട് 6.30ഓടെ തകര്‍ന്നത്. അപകടം ഉണ്ടാകുന്ന സമത്ത് അഞ്ഞൂറിലേറെ പേര്‍ പാലത്തിലുണ്ടായിരുന്നു. പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നുവീണത്. പാലം തകര്‍ന്ന് നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം. 

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ സഹായധനം നല്‍കും. 

കോസ്റ്റ് ഗാര്‍ഡ് നദിയില്‍ തിരച്ചില്‍ നടത്തുന്നു/ എഎന്‍ഐ

ഈ വാര്‍ത്ത കൂടി വായിക്കൂ 

നവീകരിച്ചിട്ട് അഞ്ചുദിവസം; ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നു നദിയില്‍വീണു; നിരവധിപേര്‍ കുടുങ്ങി (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ