'നല്ലവർ നിരവധി, ആർഎസ്എസ് മോശം സംഘടനയല്ല'- മമതയെ വിശ്വസിക്കാനാകില്ലെന്ന് സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 02:14 PM  |  

Last Updated: 02nd September 2022 02:15 PM  |   A+A-   |  

mamata banerjee

മമത ബാനര്‍ജി /ഫയല്‍

 

കൊല്‍ക്കത്ത: ആർഎസ്എസ് മോശപ്പെട്ട സംഘടനയാണെന്ന അഭിപ്രായം തനിക്കില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ആർഎസ്എസിനെ പ്രകീർത്തിച്ചുള്ള മമതയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇത് രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. 

ബുധനാഴ്ചയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഒരു ചടങ്ങിനിടെ ആര്‍എസ്എസിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്. ആര്‍എസ്എസിലുള്ള എല്ലാവരും മോശക്കാരല്ലെന്നും ബിജെപിയെ പിന്തുണക്കാത്ത നിരവധി പേര്‍ അതിലുണ്ടെന്നും ആയിരുന്നു മമതയുടെ പ്രസ്താവന. പിന്നാലെയാണ് വിവാദം. 

'നേരത്തെ ആര്‍എസ്എസ് അത്ര മോശമായിരുന്നില്ല. അവരിപ്പോഴും മോശമാണെന്ന അഭിപ്രായം തനിക്കില്ല. ആര്‍എസ്എസില്‍ നല്ലവരും ബിജെപിയെ പിന്തുണയ്ക്കാത്തവരുമായ ആളുകള്‍ ധാരാളമുണ്ട്'- മമത പറഞ്ഞു.

സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ മമതയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. മമതയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്കാവശ്യമില്ലെന്ന് ബിജെപി നേതാക്കളും പ്രതികരിച്ചു.

ബംഗാളിലെ രാഷ്ട്രീയ ആക്രമണങ്ങളില്‍ മമത തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളട്ടെ എന്നാണ് ആര്‍എസ്എസ് നേതൃത്വം ഇതിനോട് പ്രതികരിച്ചത്. മമത 2003ലും ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചിരുന്നു. 

മമത ആര്‍എസ്എസിന്റെ ഉത്പന്നമാണെന്ന് തങ്ങളുടെ നിലപാട് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ പ്രസ്താവനയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ മമതയെ വിശ്വസിക്കാനാകില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമത തന്റെ രാഷ്ട്രീയ ലാഭത്തിനായി ഹിന്ദു മതമൗലികവാദത്തേയും മുസ്ലിം മതമൗലികവാദത്തേയും ഒരുപോലെ താലോലിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. സംഘപരിവാറിന് മമത ദുര്‍ഗയായിരുന്നുവെന്നും എഐഎംഐഎം നേതാവ്‌ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

അണ്ണാഡിഎംകെയിലെ അധികാരത്തര്‍ക്കം: പനീര്‍സെല്‍വത്തിന് തിരിച്ചടി; പളനിസാമിക്ക് ജനറല്‍ സെക്രട്ടറിയായി തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ