പണം ചെലവിടുന്നത് കേന്ദ്രം, എന്നിട്ടും റേഷന്‍ കടയില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തത് എന്ത്? ; കലക്ടറോട് ക്ഷോഭിച്ച് നിര്‍മല സീതാരാമന്‍ - വിഡിയോ

ജനങ്ങള്‍ക്കു സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അരിയില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം എത്രയെന്ന് കലക്ടറോട് മന്ത്രി
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

ഹൈദരാബാദ്: റേഷന്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഇല്ലാത്തതിന് ജില്ലാ കലക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തെലങ്കാനയിലെ കാമറെഡ്ഢി ജില്ലാ കലക്ടര്‍ ജിതേഷ് പാട്ടില്‍ ആണ് ധനമന്ത്രിയുടെ രോഷ പ്രകടനം ഏറ്റുവാങ്ങേണ്ടിവന്നത്.

ബിജെപിയുടെ ലോക്‌സഭാ പ്രവാസ് യോജനയുടെ ഭാഗമായാണ് നിര്‍മല സീതാരാമന്‍ സഹീറാബാദ് മണ്ഡലത്തില്‍ എത്തിയത്. ഇവിടെ റേഷന്‍ കടയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തതെന്ന് കലക്ടറോട് ആരായുകയായിരുന്നു. ജനങ്ങള്‍ക്കു സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അരിയില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം എത്രയെന്ന് കലക്ടറോട് മന്ത്രി ചോദിച്ചു. ഇതിന് ലഭിച്ച മറുപടിയില്‍ വ്യക്തതയില്ലാതെ വന്നപ്പോള്‍ ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ വച്ചു തന്നെ മന്ത്രി കലക്ടറോട് അതൃപ്തിയോടെ സംസാരിച്ചു. ഇതിന്റെ വിഡിയോ മന്ത്രി തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഒരു രൂപയ്ക്കാണ് റേഷന്‍ കടയില്‍ അരി വില്‍ക്കുന്നത്. പൊതു വിപണിയില്‍ ഇതിന് 35 രൂപയാണ് വില. സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അരിയില്‍ സംസ്ഥാനത്തിന്റെ വിവിഹം എത്രയാണെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

സബ്‌സിഡി അരിയില്‍ 30 രൂപയും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നാലു രൂപയാണ് ഇതില്‍ സംസ്ഥാനത്തിന്റെ വിഹിതം. കടത്തുകൂലിയും മറ്റു ചെലവുകളുമെല്ലാം വഹിക്കുന്നത് കേന്ദ്രമാണ്. ഇത് അര്‍ഹര്‍ക്കു തന്നെയാണോ ലഭിക്കുന്നത് എന്നറിയാനാണ് താന്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അര മണിക്കൂറിനകം താന്‍ മാധ്യമങ്ങളെ കാണും. അതിനകം മറുപടി ലഭിക്കണമെന്നും മന്ത്രി കലക്ടറോടു പറഞ്ഞു.

ഭക്ഷ്യധാന്യത്തില്‍ സിംഹഭാഗവും കേന്ദ്രമാണ് വഹിക്കുന്നത്. എന്നിട്ടും റേഷന്‍ കടയില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തത് എന്തുകൊണ്ടെന്ന് മന്ത്രി ആരാഞ്ഞു. ഇത്തരമൊരു നിര്‍ദേശം സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നു. എന്നിട്ടും ചിത്രം വച്ചിട്ടില്ല. ബിജെപി പ്രവര്‍ത്തകര്‍ ചിത്രവുമായി വരുമെന്നും  അത് സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല കലക്ടര്‍ക്കാണെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.

കേന്ദ്ര ധനമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ടിആര്‍എസും സംസ്ഥാന മന്ത്രിമാരും രംഗത്തുവന്നു. ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ ഇത്തരത്തില്‍ സ്വയം ചെറുതാവരുതെന്ന് മന്ത്രി ടി ഹരീഷ് റാവത്ത് അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com