സയന്‍സും സാമൂഹ്യ പാഠവും മാതൃഭാഷയില്‍ പഠിപ്പിക്കണം; അധ്യാപക ദിനത്തില്‍ രാഷ്ട്രപതി

ദേശീയ അധ്യാപക പുരസ്‌കാര വിതരണ ചടങ്ങിലാണ് രാഷ്ട്രപതി മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയത്
ചിത്രം: ട്വിറ്റര്‍, പ്രസിഡന്റ് ഓഫ് ഇന്ത്യ
ചിത്രം: ട്വിറ്റര്‍, പ്രസിഡന്റ് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ദേശീയ അധ്യാപക പുരസ്‌കാര വിതരണ ചടങ്ങിലാണ് രാഷ്ട്രപതി മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയത്. സ്വന്തം ഭാഷയില്‍ പഠിപ്പിക്കുകയാണെങ്കില്‍ സയന്‍സ്, സാമൂഹ്യ ശാസത്ര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ കഴിവു തെളിയിക്കാന്‍ സാധിക്കുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. 

തന്റെ അധ്യാപകരുടെ സംഭാവന കൊണ്ടാണ് തനിക്ക് ഗ്രാമത്തിലെ ആദ്യ ബിരുദ വിദ്യാര്‍ത്ഥിനിയാകാന്‍ സാധിച്ചതെന്ന് ദ്രൗപദി മുര്‍മു കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ വികസനത്തിന്റെ അടിസ്ഥാനം ശാസ്ത്രവും ഗവേഷണവും കണ്ടെത്തലുകളുമാണ്. ഈ മേഖലകളില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള അടിത്തറ സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെയാണ് ലഭിക്കുക. മാതൃഭാഷയിലാണ് പഠിപ്പിക്കുന്നതെങ്കില്‍ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ സാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നു എന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 

ആദ്യഘട്ടത്തില്‍ ജീവിതം പഠിപ്പിക്കുന്നത് അമ്മമാരാണ്. അതുകൊണ്ടാണ് നൈസര്‍ഗികമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ മാതൃഭാഷ സഹായകമാകുന്നത്. അമ്മയ്ക്ക് ശേഷം വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത് അധ്യാപകരാണ്. അധ്യാപകരും അവരുടെ മാതൃഭാഷയില്‍ പഠിപ്പിക്കുകയാണെങ്കില്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ എളുപ്പത്തില്‍ വികസിപ്പിക്കാനാകും. അതുകൊണ്ടാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കുന്നതിന് ഊന്നല്‍ നല്‍കിയത്.-രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com