'ദേശീയപതാക ഒരുകൂട്ടര്‍ക്ക് മാത്രമുള്ളതല്ല'; പതാക കൈമാറി സ്റ്റാലിന്‍; രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം

ഗാന്ധി മണ്ഡപത്തില്‍ നടന്ന പ്രാര്‍ഥനാ യോഗത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

കന്യാകുമാരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'ക്ക് തുടക്കമായി. കന്യാകുമാരിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ. സ്റ്റാലിന്‍ പദയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ഗാന്ധി മണ്ഡപത്തില്‍ നടന്ന പ്രാര്‍ഥനാ യോഗത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവര്‍ണ പതാക എംകെ സ്റ്റാലിനില്‍ നിന്ന് രാഹുല്‍ ഗാന്ധി സ്വീകരിച്ചു.

കേന്ദ്ര ഏജന്‍സികളെ വെച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭിന്നിപ്പിച്ച് ഭരിക്കുകയാണ്. ഇന്ത്യയെ ഒരുമിപ്പിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി നിര്‍ണയിക്കാമെന്ന് ഒരുവിഭാഗം കരുതുന്നു. ദേശീയപതാക ഭീഷണിയിലാണ്. ദേശീയപതായ ഒരുകൂട്ടര്‍ക്ക് മാത്രമുള്ളതല്ല. ത്രിവര്‍ണ പതാക സമ്മാനിക്കപ്പെട്ടതല്ല. ജനങ്ങള്‍ സമ്പാദിച്ചതാണ്.-രാഹുല്‍ ഗാന്ധി പറഞ്ഞു. 

'ഒരുമിക്കുന്ന ചുവടുകള്‍; ഒന്നാകുന്ന രാജ്യം'- എന്നതാണ് ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ആറു മാസം നീളുന്നതാണ് യാത്ര. 118 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുക. ഓരോ സംസ്ഥാനത്തെയും സ്ഥിരം പദയാത്രികരും അതത് സംസ്ഥാനങ്ങളില്‍ അണിചേരും. 

ഇന്ന് രാവിലെ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിലെത്തി രാഹുല്‍ ഗാന്ധി പ്രാര്‍ഥന നടത്തി. ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിച്ചു. വൈകുന്നേരം മൂന്നിന് തിരുവള്ളൂര്‍ സ്മാരകം, വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഗാന്ധി മണ്ഡപത്തിലെത്തി പ്രാര്‍ഥന യോഗത്തില്‍ രാഹുല്‍ പങ്കുചേര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com