ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളെ ഒതുക്കാന്‍ എന്‍ഐഎ; രാജ്യത്ത് വ്യാപക റെയ്ഡ്

സിദ്ദു മൂസേവാലയുടേത് ഉള്‍പ്പെടെ അടുത്തിടെയുണ്ടായ കൊലപാതങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ന്യൂഡല്‍ഹി: ഗ്യാങ്‌സ്റ്റര്‍ ഗ്രൂപ്പുകളെ വരുതിയിലാക്കാന്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. സിദ്ദു മൂസേവാലയുടേത് ഉള്‍പ്പെടെ അടുത്തിടെയുണ്ടായ കൊലപാതങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി ഈ ഗ്രൂപ്പുകള്‍ മയക്കു മരുന്നു കടത്ത്, കൊള്ളയടിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. 

കുപ്രസിദ്ധ ഗ്യാങ്സ്റ്റര്‍ നീരജ് ബാവനയുമായി ബന്ധമുള്ള ഡല്‍ഹിയിലെ തജ്പുര്‍ ഗ്രാമത്തിലും ഹരിയാനയിലെ മറ്റൊരു ഗുണ്ടാ നേതാവ് കാലാ റാണയുടെ വീട് സ്ഥിതി ചെയ്യുന്ന യമുനാനഗറിലും തെരച്ചില്‍ നടത്തി. 

പഞ്ചാബിലെ കുപ്രസിദ്ധമായ 'തില്ലു' ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന ഫരീദ്‌കോട്ട്, അമൃത്സര്‍, കൊടക്പുര എന്നിവിടങ്ങളിലും എന്‍ഐ തെരച്ചില്‍ നടത്തുന്നുണ്ട്. പഞ്ചാബിലെ ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങുമായി നിരന്തരം ഏറ്റുമുട്ടുന്ന സംഘമാണ് നീരജ് ബാവനയുടേത്. സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന് പിന്നാലെ, പകരം വീട്ടുമെന്ന് ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 

വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ ഗ്യാങ്ങുകളെ അമര്‍ച്ചചെയ്യാന്‍, റെയ്ഡുകള്‍ നടത്താന്‍ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡുകള്‍ ആരംഭിച്ചത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഗ്യാങ്‌സറ്റര്‍ ഗ്രൂപ്പുകള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com