ഗോവയില്‍ വീണ്ടും 'ഓപ്പറേഷന്‍ ലോട്ടസ്'?; മുന്‍ മുഖ്യമന്ത്രി അടക്കം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2022 11:31 AM  |  

Last Updated: 14th September 2022 12:14 PM  |   A+A-   |  

digambar kamath

ദിഗംബര്‍ കാമത്ത് രാഹുല്‍ഗാന്ധിക്കൊപ്പം/ ഫയല്‍

 

പനാജി: ഗോവയില്‍ പിളർത്താനൊരുങ്ങി  ബിജെപി. കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സദാനന്ദ് ഷെഡ് തനാവാഡെ പറഞ്ഞു. കൂറുമാറാനൊരുങ്ങുന്നതില്‍ മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും ഉള്‍പ്പെടുന്നതായാണ് സൂചന. 

കാമത്തിന് പുറമെ, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ, ഡെലിലാ ലോബോ, രാജേഷ് ഫല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലെക്‌സിയോ സെക്വേറ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നീ എംഎല്‍എമാരാണ് കൂറുമാറാന്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്നു രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇക്കാര്യം എംഎല്‍എമാര്‍ സ്പീക്കറെ അറിയിച്ചതായും ബിജെപി സംസ്ഥാന പ്രസിഡന്റ് അറിയിച്ചു. ഗോവയില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണുള്ളത്. 

രണ്ടു മാസം മുമ്പും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു. ദിഗംബര്‍ കാമത്തും മൈക്കല്‍ ലോബോയും അടക്കം ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഈ നീക്കം നടക്കാതെ പോയത്. 

ഗോവയില്‍ നിലവില്‍ ബിജെപി സര്‍ക്കാരാണ് അധികാരത്തിലുള്ളത്. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് 20 എംഎല്‍എമാരുണ്ട്. 40 അംഗ നിയമസഭയാണ് ഗോവയിലുള്ളത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു; പൂഞ്ചില്‍ 11 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്  ( വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ