വൈകല്യത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് മനുഷ്യത്വമില്ലാത്ത ക്രൂരത; വിവാഹ മോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th September 2022 11:16 AM  |  

Last Updated: 17th September 2022 11:16 AM  |   A+A-   |  

court

പ്രതീകാത്മക ചിത്രം

 

ചണ്ഡിഗഢ്: ഭിന്നശേഷിക്കാരെ വൈകല്യത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് മനുഷ്യത്വമില്ലാത്ത ക്രൂരതയെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഭിന്നശേഷിക്കാരന്‍ നല്‍കിയ വിവാഹ മോചന ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ഒരാളെ അയാളുടെ വൈകല്യത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് അയാളോടു ചെയ്യാവുന്ന മനുഷ്യത്വമില്ലാത്ത വലിയ ക്രൂരതയാണ്. നിസ്സഹായനായ അയാളെ പിടിച്ചു തള്ളുന്നതും അതിക്രൂരമായ പ്രവൃത്തിയാണെന്ന് കോടതി പറഞ്ഞു.

വിവാഹ മോചന ഹര്‍ജി തള്ളി കുടുംബ കോടതി വിധിക്ക് എതിരെയാണ്, പോളിയോ ബാധിതനായ യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. 2004ല്‍ ആണ് ഇരുവരും വിവാഹിതരായത്. ഏതാനും മാസങ്ങള്‍ കൊണ്ടുതന്നെ ഭാര്യയുടെ സമീപനം ബോധ്യമായെന്നും ഒരുമിച്ചു മുന്നോട്ടുപോവാന്‍ കഴിയാത്തതിനാലാണ് വിവാഹ മോചന ഹര്‍ജി നല്‍കുന്നതെന്നും യുവാവ് ബോധിപ്പിച്ചു.

ഭാര്യ വൈകല്യത്തിന്റെ പേരില്‍ തന്നെ നിരന്തരം അധിക്ഷേപിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുത്തുവാക്കുകള്‍ പറയുന്നു. നിസ്സഹായനായ തന്നെ പിടിച്ചു തള്ളിയതായും ഭര്‍ത്താവ് ബോധിപ്പിച്ചു. പ്രായവും മുന്‍ വിവാഹവും ഒരു മകന്‍ ഉള്ള കാര്യവും മറച്ചുവച്ചാണ് ഭാര്യ തന്നെ വിവാഹം ചെയ്തതെന്നും ഭര്‍ത്താവ് ആരോപിച്ചു.

ഭാര്യ കുത്തുവാക്കു പറഞ്ഞതും പിടിച്ചു തള്ളിയതും തെളിയിക്കാന്‍ യുവാവിന് ആയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ കുടുംബ കോടതിക്കു പിഴവു പറ്റിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മകൾ ബലാത്സം​ഗത്തിന് ഇരയായി; വീണ്ടും പോസ്റ്റുമോർട്ടം നടത്തണം'- 21കാരിയുടെ മൃതദേഹം ഒന്നര മാസം ഉപ്പ് കുഴിയിൽ! 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ