വിദ്യാര്‍ത്ഥിനികളുടെ നഗ്നദൃശ്യം പകര്‍ത്താന്‍ പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു; പ്രതികള്‍ക്ക് മുംബൈ-ഗുജറാത്ത് കണക്ഷന്‍?

പെണ്‍കുട്ടി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്ന ഉപകരണം പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്
വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം/ പിടിഐ
വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം/ പിടിഐ

ന്യൂഡല്‍ഹി: ചണ്ഡിഗഡ് സര്‍വകലാശാല വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചെന്ന കേസില്‍ പുതിയ വഴിത്തിരിവ്. കേസില്‍ പിടിയിലായ പെണ്‍കുട്ടിയെ അറസ്റ്റിലായ യുവാക്കള്‍ ഭീഷണിപ്പെടുത്തി മറ്റു കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.  

ഹോസ്റ്റലിലെ മറ്റു കുട്ടികളുടെ ബാത്‌റൂം, ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയില്ലെങ്കില്‍, തങ്ങളുടെ പക്കലുള്ള നഗ്ന വീഡിയോ പുറത്തുവിടുമെന്നായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഭയന്ന പെണ്‍കുട്ടി ഹോസ്റ്റലിലെ മറ്റു കുട്ടികളുടെ ദൃശ്യം പകര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വീഡിയോ ചിത്രീകരിച്ച പെണ്‍കുട്ടി,  കാമുകനായ ഹിമാചല്‍ സ്വദേശി സണ്ണി മെഹ്ത(23), സുഹൃത്ത് രങ്കജ് വര്‍മ്മ എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഹോസ്റ്റല്‍ കുളിമുറിയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനി ബോയ്ഫ്രണ്ടിന് അയച്ചുനല്‍കിയെന്നാണ് ആരോപണം.

കേസിൽ കൂടുതൽ പ്രതികൾ?

അതിനിടെ കേസില്‍ നാലാമതൊരു പ്രതികൂടി ഉള്ളതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാളും പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പെണ്‍കുട്ടി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്ന ഉപകരണം പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

അറസ്റ്റിലായ പ്രതികള്‍ക്ക് മുംബൈ-ഗുജറാത്ത് ബന്ധമുണ്ടെന്നും കണ്ടെത്തി. ഇവിടെ നിന്നുള്ളവരുമായി പ്രതികള്‍ നിരന്തരബന്ധം പുലര്‍ത്തിയിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. കേസില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ് പി രുപീന്ദര്‍ കൗര്‍ ഭട്ടി പറഞ്ഞു. 

ഹോസ്റ്റല്‍ ബാത്‌റൂമിലെ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സര്‍വകലാശാലയില്‍ ശനിയാഴ്ച വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. വിദ്യാര്‍ത്ഥിനികളുടെ 60 ഓളം ബാത്‌റൂം ദൃശ്യങ്ങള്‍ പ്രചരിച്ചുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. അതേസമയം പിടിയിലായ പെണ്‍കുട്ടിയുടെ വീഡിയോ മാത്രമേ പുറത്തായിട്ടുള്ളൂ എന്നാണ് സര്‍വകലാശാല പറയുന്നത്. 

പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് സര്‍വകലാശാല സെപ്റ്റംബര്‍ 24 വരെ അടച്ചിട്ടിരിക്കുകയാണ്. സംഭവത്തില്‍ സര്‍വകലാശാല ഒമ്പതംഗ അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാരും അന്വേഷണത്തിനായി മൂന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com