മൃഗങ്ങള്‍ പോലും കഴിക്കാത്ത ഭക്ഷണം; യുപിയില്‍ റോഡില്‍ കരഞ്ഞ പൊലീസുകാരന്‍ 600 കിലോമീറ്റര്‍ ദൂരത്തേക്ക് 'തെറിച്ചു'

പൊലീസ് മെസില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് പരാതിപ്പെട്ട ഉത്തര്‍പ്രദേശിലെ പൊലീസുകാരന് സ്ഥലംമാറ്റം
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

ലഖ്‌നൗ: പൊലീസ് മെസില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് പരാതിപ്പെട്ട ഉത്തര്‍പ്രദേശിലെ പൊലീസുകാരന് സ്ഥലംമാറ്റം. സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. 26കാരനായ കോണ്‍സ്റ്റബിള്‍ മനോജ് കുമാറിനെയാണ് ഫിറോസാബാദില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള ഗാസിപ്പൂരിലേക്ക് സ്ഥലം മാറ്റിയത്. 

വീഡിയോ വൈറലായതിന് പിന്നാലെ മനോജ് കുമാറിനോട് ലോങ് ലീവില്‍ പോകാന്‍ മേലധികാരികള്‍ നിര്‍ദേശിച്ചിരുന്നു. തന്റെ വീട്ടിലെ ഒരേയൊരു സ്ഥിരവരുമാനക്കാരന്‍ താനാണെന്നും 600 കിലോമീറ്റര്‍ അകലത്തേക്ക് സ്ഥലം മാറ്റിയാല്‍ തനിക്ക് കുടുംബത്തെ നോക്കാന്‍ സാധിക്കില്ലെന്നും മനോജ് കുമാര്‍ പറഞ്ഞു. 

'രണ്ട് ഇളയ സഹോദരന്‍മാരും കല്യാണം കഴിയാത്ത സഹോദരിയും അടക്കം എന്റെ കുടുംബത്തില്‍ ആറുപേരുണ്ട്. എന്റെ പ്രായമായ മാതാപിതാക്കള്‍ ചികിത്സയിലാണ്. 600 കിലോമീറ്റര്‍ അകലത്തേക്ക് ഡ്യൂട്ടിക്ക് പോയാല്‍ കുടുംബത്തെ നോക്കുന്നത് ബുദ്ധിമുട്ടാകും. എനിക്ക് മാത്രമാണ് കുടുംബത്തില്‍ സ്ഥിര വരുമാനനമുള്ളത്.'- മനോജ് കുമാര്‍ പറഞ്ഞു. 

മനോജ് കുമാറിനെ സ്ഥലം മാറ്റുന്നതിന് എതിരെ പൊലീസ് സേനയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു. ജനുവിനായ ഒരു പ്രശ്‌നം ഉയര്‍ത്തിക്കാണിച്ചതിന് മനോജ് കുമാറിനെ പോലെ സത്യസന്ധനായ ഉദ്യോഗസ്ഥന് എതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് യുപി പൊലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പ്രതികരിച്ചു.  

മനോജ് കുമാറിന്റെ രണ്ട് സഹോദരങ്ങള്‍ക്കും സ്ഥിര വരുമാനമില്ലെന്നും കുട്ടിക്കാലത്ത് തന്നെ ജോലിചെയ്താണ് മനോജ് പഠിച്ചതെന്നും അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ കോണ്‍സ്റ്റബിള്‍ കൂട്ടിച്ചേര്‍ത്തു. 

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അലവന്‍സ് നല്‍കുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിന് ശേഷവും തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ പരിതാപകരമാണെന്ന് മനോജ് കുമാര്‍ വീഡിയോയിലൂടെ പരാതിപ്പെട്ടിരുന്നു. 

ഒരു പ്ലേറ്റില്‍ റൊട്ടിയും പരിപ്പും ചോറുമായി റോഡില്‍ നിന്ന് കരയുന്ന മനോജ് കുമാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. മനോജ് കുമാറിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയും ദൃശ്യങ്ങളില്‍ കാണാം. വളരെ പണിപ്പെട്ടാണ് പൊലീസ് ഉദ്യേഗസ്ഥര്‍ മനോജിനെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുന്നത്. 

മറ്റൊരു വൈറല്‍ വിഡിയോയില്‍ പ്ലേറ്റുമായി ഡിവൈഡറില്‍ ഇരിക്കുന്ന മനോജ് കുമാര്‍ മൃഗങ്ങള്‍ പോലും ഈ ഭക്ഷണം കഴിക്കില്ലെന്ന് പറയുന്നത് കാണാം. പലതവണ അധികൃതരോട് കെഞ്ചിപറഞ്ഞിട്ടും നടപടിയെടുക്കാത്തിനാലാണ് പ്ലേറ്റുമായി റോഡില്‍ ഇറങ്ങിയതെന്ന് മനോജ് കുമാര്‍ പറയുന്നു. രാവിലെ മുതല്‍ ഒന്നും കഴിച്ചിരുന്നില്ലെന്നും വളരെ മോശമായ ഭക്ഷണമാണ് ലഭിച്ചതെന്നും മനോജ് കുമാര്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com