വിശിഷ്ട അതിഥികള്‍, 'പരിചരണത്തി'നായി യുവതികളെ എത്തിക്കും; വനതാര റിസോര്‍ട്ടില്‍ അനാശാസ്യം പതിവ്; വെളിപ്പെടുത്തല്‍

വനതാര റിസോര്‍ട്ട് വേശ്യാവൃത്തിയുടേയും മയക്കുമരുന്ന് ഉപയോഗത്തിന്റേയും കേന്ദ്രമായിരുന്നു
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ഡെറാഡൂണ്‍: റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി കൊലപാതകക്കേസില്‍ ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ടിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. മുന്‍മന്ത്രി വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ വനതാര റിസോര്‍ട്ട് വേശ്യാവൃത്തിയുടേയും മയക്കുമരുന്ന് ഉപയോഗത്തിന്റേയും കേന്ദ്രമായിരുന്നു എന്നാണ് റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരി പൊലീസിനോട് വെളിപ്പെടുത്തിയത്. 

ജീവനക്കാരെ പുല്‍കിത് മാനസികമായി പീഡിപ്പിക്കുമായിരുന്നു. പീഡനത്തില്‍ മനംമടുത്ത് ജോലി ഉപേക്ഷിച്ചു പോകുന്നവരെ മോഷണം അടക്കമുള്ള കള്ളക്കേസില്‍ കുടുക്കുമായിരുന്നുവെന്നും മുന്‍ ജീവനക്കാര്‍ പറയുന്നു. മുന്‍ ജീവനക്കാരായ ദമ്പതികളാണ് റിസോര്‍ട്ടിലെ ഇടപാടുകള്‍ സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കിയത്. 

റിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ പതിവായിരുന്നു. മിക്കപ്പോഴും വിശിഷ്ട അതിഥികള്‍ എത്തുമായിരുന്നു. ഇവര്‍ക്കായി യുവതികളെ എത്തിക്കും. അതിഥികള്‍ക്കായി വിലകൂടിയ വിദേശമദ്യം, കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകളും നല്‍കുമായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ പുല്‍കിത് ആര്യയുടെ കൂട്ടാളി അങ്കിത് ഗുപ്തയാണ് പലപ്പോഴും യുവതികളെ കൊണ്ടുവന്നിരുന്നതെന്ന് റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരി റിഷിത പറഞ്ഞു. 

റിസോര്‍ട്ടിലെത്തുന്ന യുവതികള്‍ എപ്പോള്‍ വരുന്നു, എപ്പോള്‍ പോകുന്നു  എന്നതോ അവരുടെ മറ്റു വിശദാംശങ്ങളോ അന്വേഷിക്കരുതെന്ന് റിസോര്‍ട്ടിലെ ജീവനക്കാര്‍ക്ക് പുല്‍കിത് ആര്യ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഒരിക്കല്‍ രാത്രി തന്നോട് മുറിയിലേക്ക് ചെയ്യാന്‍ പുല്‍കിത് ആവശ്യപ്പെട്ടിരുന്നതായും റിഷിക വെളിപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരി(19) കൊല്ലപ്പെട്ടത്. 

യുവതിയെ കൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ട് ഉടമ പുല്‍കിത് ആര്യയെയും കൂട്ടാളികളായ അങ്കിത് ഗുപ്ത, സൗരഭ് ഭാസ്‌കര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ രണ്ടുപേരും റിസോര്‍ട്ടിലെ ജീവനക്കാരായിരുന്നു. റിസപ്ഷനിസ്റ്റിന്റെ മരണം വിവാദമായതിനെ തുടര്‍ന്ന് പുല്‍കിതിന്റെ പിതാവും മുന്‍ മന്ത്രിയുമായ വിനോദ് ആര്യയെ ബിജെപിയില്‍ നിന്നും പുറത്താക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com