യുപിയില്‍ അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് കരഞ്ഞ് മലയാളി ഐഎഎസ് ഓഫീസര്‍ ( വീഡിയോ) 

ലഖിംപൂര്‍ ഖേരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേരാണ് മരിച്ചത്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് പൊട്ടിക്കരഞ്ഞ് മലയാളി ഐഎഎസ് ഓഫീസര്‍. ലക്‌നൗ ഡിവിഷണല്‍ കമ്മീഷണര്‍ ഡോ. റോഷന്‍ ജേക്കബാണ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ കണ്ടശേഷം കരഞ്ഞത്. ഡോക്ടര്‍മാരെ വിളിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. 

ലഖിംപൂര്‍ ഖേരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേരാണ് മരിച്ചത്. 41 പേര്‍ക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കാണാനാണ് ഡിവിഷണല്‍ കമ്മീഷണറായ റോഷന്‍ ജേക്കബ് എത്തിയത്. 

രോഗികളുടെ ബന്ധുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, ഒരു കുട്ടിയുടെ അമ്മ റോഷന്റെ സമീപത്തെത്തുകയും, കുട്ടിക്ക് ഇതുവരെ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതിപ്പെടുകയുമായിരുന്നു. ഇതേത്തേുടര്‍ന്ന് റോഷന്‍ ജേക്കബ് പരിക്കേറ്റ കുട്ടിയുടെ അടുത്തെത്തി. കമിഴ്ന്നുകിടക്കുന്ന കുട്ടിയുടെ തലയില്‍ തലോടി ആശ്വസിപ്പിച്ചു.  കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് റോഷന്‍ കരഞ്ഞുകൊണ്ടാണ് ഡോക്ടര്‍മാര്‍ അടക്കമുള്ളവരോട് സംസാരിച്ചത്. 

കുട്ടിക്ക് അനങ്ങാന്‍ പോലും വയ്യെന്നും, ഉടന്‍ വിദഗ്ധ ചികിത്സ നല്‍കണമെന്നും ഡോക്ടര്‍മാര്‍ക്ക് റോഷന്‍ ജേക്കബ് കര്‍ശന നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് ജനിച്ച ഡോ. റോഷന്‍ ജേക്കബ് 2004 ബാച്ച് യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ്. റോഷന്റെ ആശുപത്രി സന്ദര്‍ശനത്തിന്റെയും കരുണയോടെയുള്ള ഇടപെടലിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com