പട്ടിയും പൂച്ചയുമെല്ലാം സമൂഹത്തിന്റെ ഭാഗം; തെരുവു നായ്ക്കളോടുള്ള ക്രൂരത അംഗീകരിക്കാനാവില്ല: ഹൈക്കോടതി

ഒരു ജഡ്ജി നേരത്തെ കോടതിയിലേക്കു പട്ടികള്‍ക്കുള്ള ബിസ്‌ക്കറ്റുമായാണ് വന്നിരുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: തെരുവു നായ്ക്കളോട് വെറുപ്പോടെയും ക്രൂരതയോടെയും പെരുമാറുന്നത് പരിഷ്‌കൃത സമൂഹത്തിനു യോജിച്ച നടപടിയല്ലെന്ന് ബോംബെ ഹൈക്കോടതി. നായ്ക്കളും പൂച്ചകളുമെല്ലാം സമൂഹത്തിന്റെ ഭാഗം തന്നെയെന്ന് ജസ്റ്റിസുമാരായ ജിഎസ് കുല്‍ക്കര്‍ണി, ആര്‍എന്‍ ലദ്ദ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

തെരുവുനായ്ക്കള്‍ക്കു തീറ്റ കൊടുക്കുന്നതിനെ എതിര്‍ത്ത അപ്പാര്‍ട്ട്‌മെന്റ് സൊസൈറ്റിക്കെതിരെ താമസക്കാരി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇവരുമായുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ അപ്പാര്‍ട്ട്‌മെന്റ് സൊസൈറ്റിയോട് കോടതി നിര്‍ദേശിച്ചു. 

കോടതി വളപ്പില്‍ തന്നെ ഒട്ടേറെ നായ്ക്കളും പൂച്ചകളും ഉണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പൂച്ചകള്‍ ചിലപ്പോഴൊക്കെ ഡയസില്‍ തന്നെ വന്നിരിക്കാറുണ്ട്. അവയെ എവിടെ കൊണ്ടു കളഞ്ഞാലും തിരിച്ചുവരും. ഈ മൃഗങ്ങളും ജീവികളാണ്, സമൂഹത്തിന്റെ ഭാഗമാണ്. അവയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്- കോടതി പറഞ്ഞു.

ഇപ്പോള്‍ വിരമിച്ച ഒരു ജഡ്ജി നേരത്തെ കോടതിയിലേക്കു പട്ടികള്‍ക്കുള്ള ബിസ്‌ക്കറ്റുമായാണ് വന്നിരുന്നത്. സഹകരിച്ചു കഴിയുന്ന ഒരു സമൂഹത്തില്‍ ഇതൊക്കെ സാധ്യമാണ്.

തെരുവു നായ്ക്കളെ വെറുക്കുന്നതും അവയോടു ക്രൂരതയോടെ പെരുമാറുന്നതും സ്വീകാര്യമായ സമീപനമല്ല. പരിഷ്‌കൃതമായ സമൂഹത്തിനു യോജിച്ച നടപടിയല്ല അത്. മൃഗങ്ങളോടുള്ള ക്രൂരത ഭരണഘടനാ മൂല്യങ്ങള്‍ക്കും നിയമത്തിനും എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

പരാതിക്കാരിയുമായുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കാനും ഹൗസിങ് സൊസൈറ്റിയില്‍ തെരുവുനായ്ക്കള്‍ക്കു തീറ്റ നല്‍കുന്നതിന് ഒരു സ്ഥലം നിശ്ചയിക്കാനും കോടതി മാനേജിങ് കമ്മിറ്റിയോടു നിര്‍ദേശിച്ചു. അതുവരെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് നായ്ക്കള്‍ക്കു ഭക്ഷണം നല്‍കാമെന്ന് പരാതിക്കാരിയോട് കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com