'ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ താത്പര്യം'; 75കാരന്റെ കോടികള്‍ അടിച്ചുമാറ്റി 'യുക്രൈന്‍' വനിത; തട്ടിപ്പ് ഇങ്ങനെ 

മഹാരാഷ്ട്രയില്‍ 75കാരന്‍ സൈബര്‍ തട്ടിപ്പിന് ഇരയായതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ 75കാരന്‍ സൈബര്‍ തട്ടിപ്പിന് ഇരയായതായി പരാതി. യുക്രൈന്‍ സ്വദേശി എന്ന് പരിചയപ്പെടുത്തിയ സ്ത്രീ 3.3 കോടി രൂപ തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. 

മുംബൈയില്‍ നിന്നുള്ള ബിസിനസുകാരനാണ് തട്ടിപ്പിന് ഇരയായത്. സ്വകാര്യ കമ്പനിയുടെ ഉടമയായ 75കാരന്‍ വെസ്റ്റ് റീജിയണ്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാന്‍ താത്പര്യം ഉണ്ടെന്ന് പറഞ്ഞാണ് യുക്രൈന്‍ വനിത തന്നെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു. 

ഇ-മെയില്‍ വഴിയായിരുന്നു ഇരുവരും തമ്മിലുള്ള ആശയവിനിമയം. തുടക്കത്തില്‍ മെഷീന്‍ വാങ്ങാന്‍ തന്റെ കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് യുവതി പറഞ്ഞത്. അടുത്ത മെയിലിലാണ് ഇന്ത്യയില്‍ സ്വന്തമായി ബിസിനസ് ആരംഭിക്കാനുള്ള ആഗ്രഹം യുവതി പ്രകടിപ്പിച്ചത്. ഇതിനായി എട്ടുകോടി രൂപ അയക്കുമെന്നും യുവതി വാഗ്ദാനം നല്‍കി.

പിന്നീട് ജക്കാര്‍ത്തയില്‍ തന്റെ പണം പിടിച്ചുവെച്ചതായും ഫീസ് അടച്ചാല്‍ പണം തിരികെ കിട്ടുമെന്നും യുവതി പറഞ്ഞു. ഇതിനായി പണം നല്‍കി സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇത്തരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ നൂറ് അക്കൗണ്ട് നമ്പര്‍ കൈമാറി. എട്ടു കോടി ലഭിക്കുമെന്ന ധാരണയില്‍ 3.3 കോടി രൂപ കൈമാറിയതായാണ് പരാതിയില്‍ പറയുന്നത്.

വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഫീസ് അടയ്ക്കാന്‍ എന്ന പേരിലാണ് പണം തട്ടിയെടുത്തതെന്നും പരാതിയില്‍ പറയുന്നു. എസെമ എന്നാണ് യുവതി പേര് പറഞ്ഞത്. പറയുന്നത് വിശ്വസിപ്പിക്കാന്‍ ജക്കാര്‍ത്ത പൊലീസ് തടഞ്ഞുവച്ചിരിക്കുന്ന, പണം നിറച്ച ബോക്‌സിന്റെ ട്രാക്കിങ് ഐഡി നമ്പറും യുവതി കൈമാറി. കള്ളപ്പണം വെളുപ്പിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അടക്കം വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ക്ലിയര്‍ ചെയ്യുന്നതിന് ഫീസായാണ് യുവതി പണം ആവശ്യപ്പെട്ടതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പണം തന്നില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com