കിണര്‍ തകര്‍ന്ന് 36 മരണം; ഇന്‍ഡോറിലെ ക്ഷേത്രത്തില്‍ ബുള്‍ഡോസറുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ക്ഷേത്രപരിസരത്തിന് സമീപത്തെ പതിനായിരം ചതുരശ്ര അടിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി അധികൃതര്‍ പറഞ്ഞു
ഇന്‍ഡോറിലെ ക്ഷേത്രത്തിലെ അനധികൃത കയ്യേറ്റം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു
ഇന്‍ഡോറിലെ ക്ഷേത്രത്തിലെ അനധികൃത കയ്യേറ്റം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു

ഇന്‍ഡോര്‍: രാമനവമി ആഘോഷത്തിനിടെ കിണര്‍ തകര്‍ന്നുവീണ് 36 പേര്‍ മരിച്ച ക്ഷേത്രത്തിന്റെ അനധികൃത കെട്ടിട ഭാഗങ്ങള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പൊളിച്ചുനീക്കി. അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ അഞ്ചിലേറെ ബുള്‍ഡോസറുകളുമായി അധികൃതര്‍ എത്തിയത്. ക്ഷേത്രക്കിണറിലെ സ്ലാബ് തകര്‍ന്നായിരുന്നു ദുരന്തം.

ക്ഷേത്രപരിസരത്തിന് സമീപത്തെ പതിനായിരം ചതുരശ്ര അടിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി അധികൃതര്‍ പറഞ്ഞു. ഇന്‍ഡോര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്കു സുരക്ഷയൊരുക്കാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുമായി സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിരുന്നു. ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മിഷണര്‍, ജില്ലാ മജിസ്‌ട്രേറ്റ് തുടങ്ങിയവരും സ്ഥലത്തെത്തി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെയാണ് അധികൃതരുടെ നടപടി. നേരത്തേതന്നെ പൊളിച്ചുമാറ്റാന്‍ നിര്‍ദേശിച്ചിരുന്ന കെട്ടിടഭാഗം തകര്‍ന്നായിരുന്നു അപകടം.

രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള കിണറിന്റെ ഭാഗങ്ങള്‍ പൊളിച്ചാല്‍ വിശ്വാസം വ്രണപ്പെടുമെന്നു ചൂണ്ടിക്കാട്ടി ക്ഷേത്രത്തിന്റെ ചുമതലക്കാരായ സ്വകാര്യ ട്രസ്റ്റ് എതിര്‍ക്കുകയായിരുന്നു. ദുരന്തത്തിനു പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ച് കാലപ്പഴക്കമുള്ള കിണറുകളുടെ പട്ടിക ആവശ്യപ്പെട്ടു. അപകടകരമായ നിലയിലുള്ളവയ്‌ക്കെതിരെ നടപടി വേണമെന്നും നിര്‍ദേശിച്ചു.ക്ഷേത്രക്കിണറുമായി ബന്ധപ്പെട്ട് അനധികൃത നിര്‍മാണം നടത്തിയതിന് ക്ഷേത്ര ട്രസ്റ്റിലെ 2 പേര്‍ക്കെതിരെ കേസെടുത്തു. മുനിസിപ്പാലിറ്റിയിലെ 2 പേരെ സസ്‌പെന്‍ഡ് ചെയ്തു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും, പ്രധാനമന്ത്രി യഥാക്രമം 2 ലക്ഷവും 50,000 രൂപയും വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com