ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ മാത്രം അകലെ; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരം

By സമകാലികമലയാളം ഡെസ്ക്   |   Published: 14th August 2023 02:39 PM  |  

Last Updated: 14th August 2023 02:39 PM  |   A+A-   |  

chandrayan

ഐഎസ്ആര്‍ഒ പങ്കുവെച്ച ചിത്രം

 

ബംഗളൂരു: ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തലിന്റെ മൂന്നാം ഘട്ടവും വിജയകരമെന്ന് ഐഎസ്ആര്‍ഒ. ഇതോടെ ചന്ദ്രോപരിതലത്തോട് പേടകം കൂടുതല്‍ അടുത്തതായും ഐഎസ്ആര്‍ഒ അറിയിച്ചു.

 150 കിലോമീറ്റര്‍ അടുത്ത ദൂരവും 177 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്കാണ് പേടകത്തെ താഴ്ത്തിയത്. ഒരു ദിവസത്തിന് ശേഷം ബുധനാഴ്ചയും (16ന്) ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ തുടരും. ബുധനാഴ്ച രാവിലെ എട്ടരയോടെ ഭ്രമണപഥം താഴ്ത്താനാണ് ലക്ഷ്യമിടുന്നത്.  ചന്ദ്രോപരിതലത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിന് ശേഷം പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് ലാന്‍ഡിങ് മോഡ്യൂള്‍ വേര്‍പ്പെടുത്തും.ഓഗസ്റ്റ് 23ന് വൈകീട്ട് തന്നെ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ.

ലാന്‍ഡിങ് മോഡ്യൂളിലെ ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അടുത്ത ദൂരവും, നൂറ് കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്ക് മാറും. ഇവിടുന്നാണ് സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങുക. പേടകത്തിന്റെ കാലുകള്‍ ചന്ദ്രനില്‍ തൊടുന്ന ദിവസത്തിനായി രാജ്യം കാത്തിരിക്കുകയാണ്. ജൂലൈ 14നാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയില്‍ നിന്ന് ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചന്ദ്രന് പിന്നാലെ സൂര്യനെ 'തൊടാനും' ഐഎസ്ആര്‍ഒ; ആദിത്യ എല്‍ വണ്‍ പേടകം ഉടന്‍ വിക്ഷേപിച്ചേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ