മകന് കാന്‍സര്‍ എന്ന് പറഞ്ഞ് 'മുതലക്കണ്ണീര്‍', ഹോട്ടലില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി 'ലൈംഗിക ബന്ധം'; 60കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടി, അറസ്റ്റ്
By സമകാലിക മലയാളം ഡെസ്ക് | Published: 18th August 2023 10:52 AM |
Last Updated: 18th August 2023 10:52 AM | A+A A- |

ഹണിട്രാപ്പ് കേസില്‍ അറസ്റ്റിലായവര്‍
ബംഗളൂരു: ഒരു സ്ത്രീയെ സാമ്പത്തികമായി സഹായിച്ചത് ഒടുവില്‍ ഊരാകുടുക്കായി മാറുമെന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച അറുപതുകാരന്‍ ഒരിക്കലും കരുതി കാണില്ല. 60കാരനെ ഹണിട്രാപ്പില്‍ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു യുവതികള്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശ്രീനഗര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റീന അന്നമ്മ (40), സ്‌നേഹ (30), സ്‌നേഹയുടെ ഭര്‍ത്താവ് ലോകേഷ് (26) എന്നിവരെ കര്‍ണാടകയിലെ ജയനഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു സുഹൃത്താണ് തനിക്ക് റീനയെ പരിചയപ്പെടുത്തിത്തന്നതെന്ന് അറുപതുകാരന്‍ പരാതിയില്‍ പറയുന്നു. റീനയുടെ അഞ്ചു വയസ്സുള്ള കാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ചായിരുന്നു ഇത്. ഹോട്ടലില്‍വച്ച് കണ്ടുമുട്ടിയപ്പോള്‍ 5000 രൂപ കൈമാറി. പിന്നീട് പലസമയത്ത് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു.
മേയ് ആദ്യ വാരം ഒരു ഹോട്ടലിലേക്ക് ക്ഷണിച്ച റീന, ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. റീനയുടെ ആവശ്യം നിരസിച്ചെങ്കിലും ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നെന്നു പരാതിയില്‍ പറയുന്നു. തുടര്‍ന്നു നിരവധി തവണ ഇതേ ഹോട്ടലില്‍വച്ച് ഭീഷണിപ്പെടുത്തി ഇത് ആവര്‍ത്തിച്ചതായും പരാതിയില്‍ പറയുന്നു.
ഇതിനു ശേഷമാണ് റീന, സുഹൃത്തായ സ്‌നേഹയെ പരിചയപ്പെടുത്തിയത്. ഇവരും പലകാരണങ്ങള്‍ പറഞ്ഞ് അറുപതുകാരനില്‍നിന്നു പണം വാങ്ങാന്‍ തുടങ്ങി. സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് റീന ഭീഷണിപ്പെടുത്താനും ആരംഭിച്ചു. പിന്നീട് സ്‌നേഹയും വിഡിയോകള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.
തന്റെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് 82 ലക്ഷം രൂപ പിന്‍വലിച്ച് റീനയ്ക്കും സ്‌നേഹയ്ക്കും കൈമാറി. പണം തട്ടിയ വിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ മകളെ പീഡിപ്പിക്കുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. എന്നാല്‍ പിന്നീട് 42 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ അറുപതുകാരന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 25 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തതായി ഡിസിപി (സൗത്ത്) പി കൃഷ്ണകാന്ത് പറഞ്ഞു. 300 ഗ്രാമോളം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ലോകേഷിന്റെ സഹായത്തോടെയാണ് യുവതികള്‍ ഇരകളെ വലയിലാക്കിയിരുന്നതെന്നും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
25 കോടി വില വരുന്ന കിങ് ഫിഷര്‍ ബിയര്‍ പിടിച്ചെടുത്ത് എക്‌സൈസ്, നശിപ്പിക്കാന്‍ നിര്‍ദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ