കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ 5,000 രൂപ പിഴ; മുന്നറിയിപ്പുമായി സിക്കിം സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd August 2023 03:07 PM |
Last Updated: 23rd August 2023 03:07 PM | A+A A- |

പ്രതീകാത്മക ചിത്രം
ഗാങ്‌ടോക്ക്: കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ 5,000 രൂപ പിഴ ഈടാക്കുമെന്ന് വിനോദ സഞ്ചാരികള്‍ക്ക് സിക്കിം പരിസ്ഥിതി, വനം വകുപ്പിന്റെ മുന്നറിയിപ്പ്. കുരങ്ങുകള്‍ ഒരു സംരക്ഷിത ഇനമാണെന്നും ഇവയ്ക്ക് ഭക്ഷണം നല്‍കുന്നത് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കുറ്റകരമാണെന്നും വനം വകുപ്പ് വ്യക്തമാക്കി. ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിഞ്ഞാലും പിഴ ഈടാക്കും.
കുരങ്ങുകള്‍ക്ക് മനുഷ്യര്‍ ഭക്ഷണം നല്‍കുന്നതും ഭക്ഷ്യ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും കുരങ്ങുകളുടെ വംശവര്‍ധനവില്‍ അസ്വാഭാവിക വളര്‍ച്ചയ്ക്ക് കാരണമായതായി സിക്കിം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
കുരങ്ങുകളുടെ വംശവര്‍ധനവ്, ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പൊതുജനാരോഗ്യ-സുരക്ഷാ പ്രശ്‌നമായി ഇത് മാറി. മനുഷ്യര്‍ ഭക്ഷണം നല്‍കുന്നതിനാല്‍ കുരങ്ങുകള്‍ക്ക് ഭയം നഷ്ടപ്പെടുന്നു. അവര്‍ ആളുകളുമായി ഇടപഴകി ഭക്ഷണം കഴിക്കാന്‍ പഠിച്ചു. പതുക്കെ ആക്രമണകാരികളായി മാറുകയും ചെയ്യുന്നു. കുരങ്ങുകള്‍ വന്യമൃഗങ്ങളാണ്. അവയുടെ പെരുമാറ്റം പ്രവചനാതീതമാണ്- നോട്ടീസില്‍ പറയുന്നു.
കുരങ്ങുകളില്‍ നിന്ന് മനുഷ്യരിരേക്ക് രോഗങ്ങള്‍ പകരുന്നതും വര്‍ധിച്ചിട്ടുണ്ട്. വനങ്ങളില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്നതിന് പകരം, കുരങ്ങുകള്‍ ഓഫീസുകളിലേക്കും വീടുകളിലേക്കും ആരാധനാലയങ്ങളിലേക്കും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കുമൊക്കെ ഭക്ഷണം തേടിയെത്തുന്നത് അപകടമാണെന്നും നോട്ടീസില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ, പ്ലസ് വണ്‍ മുതല്‍ രണ്ടു ഭാഷ പഠിക്കണം: പുതിയ പാഠ്യപദ്ധതി ചട്ടക്കൂട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ