കാട്ടുപന്നിക്ക് വെച്ച കെണി വിനയായി, പുള്ളിപ്പുലിയും കുഞ്ഞുങ്ങളും ചത്തു; 4 പേർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്ക്       |   Published: 29th August 2023 05:08 PM  |  

Last Updated: 29th August 2023 07:33 PM  |   A+A-   |  

leopard

പ്രതീകാത്മക ചിത്രം

 

മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ കാട്ടുപന്നികളെ വേട്ടയാടാന്‍ സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ തട്ടി പുള്ളിപ്പുലിയും രണ്ട് കുഞ്ഞുങ്ങളും ചത്തു. സംഭവത്തിൽ വൈദ്യുത കമ്പി സ്ഥാപിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡിയോറി ഫോറസ്റ്റ് റേഞ്ചിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ്  പുലിയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും ജഡം കണ്ടെത്തിയത്. 

മൃ​ഗങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന വൈദ്യുത കമ്പികള്‍ പുലിയുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ലഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഭോയാർത്തോള, മെഹ്തഖേഡ ഗ്രാമങ്ങളിൽ നിന്ന് എട്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത ശേഷം നാല് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാട്ടുപന്നികളെ വേട്ടയാടാന്‍ ആഗസ്ത് 26ന് രാത്രി വൈദ്യുത കമ്പി സ്ഥാപിച്ചതായി ഇവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വന്യജീവി സംരക്ഷണ നിയമ പ്രകാരവും ഇന്ത്യൻ ഫോറസ്റ്റ് ആക്‌ട് പ്രകാരവും നാല് പേർക്കെതിരെയും കേസെടുത്തു. പോസ്റ്റ്‌മോർട്ടവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം പുള്ളിപ്പുലികളുടെ ജഡം സംസ്കരിച്ചു.

അതേസമയം മൃഗങ്ങളെ വേട്ടയാടാന്‍ വേട്ടക്കാര്‍ സ്ഥാപിച്ച ഇത്തരം വൈദ്യുത കമ്പികൾ പ്രദേശത്ത് ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ വനം വകുപ്പ് വനമേഖലയിൽ ജാഗ്രത പാലിക്കാന്‍ നിർദേശം നൽകി. മൃഗവേട്ടയ്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

കൊതുകുനാശിനി കുടിച്ച് രണ്ട് വയസുകാരി മരിച്ചു 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ