വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍; ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി 

മാത്രമല്ല സുപ്രീംകോടതി വിധിന്യായങ്ങള്‍ക്ക് എതിരാണെന്നുള്ള നിരീക്ഷണവുമാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ കാരണമായതെന്നാണ് ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. 
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍, സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍ എന്നീ നിര്‍ദേശങ്ങളോടു വിയോജിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രിസഭയും. അതേസമയം കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമായി ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നല്‍കുകയും ചെയ്തു. 

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ രണ്ട് നിര്‍ദേശങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഓഫിസും വിയോജിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല സുപ്രീംകോടതി വിധിന്യായങ്ങള്‍ക്ക് എതിരാണെന്നുള്ള നിരീക്ഷണവുമാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ കാരണമായതെന്നാണ് ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമത്തില്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ ചെയ്തിരുന്നു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും, പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉണ്ടാകണമെന്ന ശുപാര്‍ശ ആണ് പാര്‍ലമെന്ററി സമിതി കേന്ദ്രത്തിന് കൈമാറിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടേതാണ് ശുപാര്‍ശ. എന്നാല്‍ സമിതി അംഗമായ മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ശുപാര്‍ശയില്‍ അന്ന് തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. 

വിവാഹ ബന്ധം പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യന്‍ സമൂഹത്തില്‍ അതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലിംഗഭേദം പാലിക്കേണ്ടതുണ്ടെന്നുമാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ ചുവടുപിടിച്ചാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍, സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍ എന്നീ നിര്‍ദേശങ്ങള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഈ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രിയും മന്ത്രിസഭയും തീരുമാനിച്ചിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com