വിണ്ടു കീറിയ ഭൂമി, വിള്ളല്‍ വീണ വീടുകള്‍...; ഭീതിയില്‍ ഉത്തരാഖണ്ഡിലെ കുടുതല്‍ പ്രദേശങ്ങള്‍

ജോശിമഠില്‍നിന്ന് എണ്‍പതു കിലോമീറ്റര്‍ അകലെയുള്ള, കര്‍ണപ്രയാഗിലെ ബഹുഗുണ നഗറില്‍ 2015ല്‍ തന്നെ വീടുകള്‍ക്കു വിള്ളല്‍ വീഴുന്നതു റിപ്പോര്‍ട്ടു ചെയ്തിരുന്നു
കര്‍ണപ്രയാഗില്‍ വീട് ഭാഗികമായി തകര്‍ന്ന നിലയില്‍/പിടിഐ
കര്‍ണപ്രയാഗില്‍ വീട് ഭാഗികമായി തകര്‍ന്ന നിലയില്‍/പിടിഐ

ഡെറാഡൂണ്‍: ജോശിമഠിലെ ഭൂമി ഇടിഞ്ഞുതാഴലോടെ ഭീതിയുടെ മുള്‍മുനയിലായിരിക്കുകയാണ് ഉത്തരാഖണ്ഡിലെ കര്‍ണപ്രയാഗും ലണ്ടോറും. ജോശിമഠിനു സമാനമായ അവസ്ഥയിലൂടെയാണ് ഈ പ്രദേശങ്ങളും കടന്നുപോവുന്നത്.

ജോശിമഠില്‍നിന്ന് എണ്‍പതു കിലോമീറ്റര്‍ അകലെയുള്ള, കര്‍ണപ്രയാഗിലെ ബഹുഗുണ നഗറില്‍ 2015ല്‍ തന്നെ വീടുകള്‍ക്കു വിള്ളല്‍ വീഴുന്നതു റിപ്പോര്‍ട്ടു ചെയ്തിരുന്നു. അന്‍പതു വീടുകളിലെങ്കിലും ഇത്തരത്തില്‍ വിള്ളല്‍ വീണിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ദേശീയപാത വീതി കൂട്ടല്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ മണ്ണിടിക്കലും പാറ തുരക്കലും നടത്തുന്നതാണ് വീടുകള്‍ക്കു വിള്ളല്‍ വീഴാന്‍ കാരണമെന്നാണ് നാട്ടുകാരുടെ പക്ഷം. 2015ല്‍ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഏതാനും വീടുകളില്‍ വിള്ളല്‍ വീണിരുന്നു. ഇവിടെയെല്ലാം തകരാര്‍ പരിഹരിച്ചു മുന്നോട്ടുപോവുന്നതിനിടെ ദേശീയപാത വീതികൂട്ടല്‍ തുടങ്ങി. ഇതിനായി പാറ തുരക്കലും മണ്ണിടിക്കലും ത്വരിതഗതിയില്‍ നടന്നു. ഇതിനൊപ്പം നദിയില്‍ നിന്ന് ഭീമമായ തോതില്‍ വെള്ളവുമെടുത്തു. ഇതു ഭൂമി താഴാന്‍ കാരണമായിട്ടുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജോശിമഠിലെ സാഹചര്യം വലിയ വാര്‍ത്തയായതോടെ കര്‍ണപ്രയാഗിലെ വിള്ളല്‍ വീണ റോഡുകളും ചരിഞ്ഞ വീടുകളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പോസ്റ്റ് ചെയ്യുന്നുണ്ട്. അതവിടെ കുറെ നാളായി ഉള്ളതാണെന്നാണ്, ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചത്. എന്നാല്‍ ഉന്നത തല യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലണ്ടോറിലും സമാനമായ സാഹചര്യമുണ്ടെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു. ലണ്ടോര്‍ ചൗക്കില്‍നിന്ന് മുസൂറിയിലേക്കുള്ള റോഡ് വര്‍ഷങ്ങളായി താണുകൊണ്ടിരിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പരാതികള്‍ വരാന്‍ തുടങ്ങിയതോടെ ഇവിടെ കഴിഞ്ഞ ദിവസം അധികൃതര്‍ എത്തി പരിശോധന നടത്തി. ഇവിടെ കെട്ടിടങ്ങള്‍ക്ക് അടയാളമൊന്നും ഇട്ടിട്ടില്ലെങ്കിലും കൂടുതല്‍ അപകടാവസ്ഥയിലുള്ളവ ഒഴിപ്പിക്കണമെന്ന ആലോചനയിലാണ് അധികൃതര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com