കോണ്‍ഗ്രസിനെ അധികാരത്തിലേറ്റൂ; വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ; ഉറപ്പുമായി പ്രിയങ്ക ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2023 04:35 PM  |  

Last Updated: 16th January 2023 04:42 PM  |   A+A-   |  

priyanka_gandhi

ബംഗളൂരുവിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി

 

ബംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം രണ്ടായിരം രൂപ നല്‍കുമെന്ന് പാര്‍ട്ടി നേതാവ് പ്രിയങ്കാ ഗാന്ധി. ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ നടന്ന 'നാം നായികി' പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.

കര്‍ണാടകയിലെ എല്ലാ സ്ത്രീകള്‍ക്കും എഐസിസി ജനറല്‍ സെക്രട്ടറി നല്‍കുന്ന ഉറപ്പാണിത് പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്ത് ബിജെപി ഭരണത്തിന് കീഴില്‍ വ്യാപകമായി അഴിമതിയാണ്. ഇവിടുത്തെ സ്ഥിതി നാണിപ്പിക്കുന്നതാണ്. മന്ത്രിമാര്‍ തന്നെ നാല്‍പ്പത് ശതമാനം കമ്മീഷന്‍ വാങ്ങുന്നവരാണ്. കര്‍ണാടകയില്‍ 5 ലക്ഷം കോടിയുടെ പൊതുപണമാണ് ഇവര്‍ കൊള്ളയടിച്ചത്. ബംഗളൂരുവില്‍ നടക്കേണ്ട 8000 കോടിയുടെ ചില വികസനങ്ങളെ കുറിച്ച്  ചിന്തിക്കൂ, അതില്‍ 3200 കോടി രൂപയും കമ്മീഷനായി പോകുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

'ഗൃഹലക്ഷ്മി' എന്ന പേരിലുള്ള പദ്ധതി 1.5 കോടി വീട്ടമ്മമാര്‍ക്ക് പ്രയോജനപ്പെടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ, സംസ്ഥാനത്തെ എല്ലാ വീടുകള്‍ക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യവൈദ്യുതി നല്‍കുമെന്ന് പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ , ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജെല്ലിക്കെട്ട്; കാളയെ മെരുക്കുന്നതിനിടെ അടിവയറ്റില്‍ കുത്തേറ്റു; 26 കാരന്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ