നിര്‍ണായകമായ ഇലക്ട്രോണിക്, ഫൊറന്‍സിക് തെളിവുകള്‍; 100 സാക്ഷിമൊഴികള്‍; ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ 3000 പേജുള്ള കുറ്റപത്രം 

പ്രതി അഫ്താബ് പൂനെവാലയുടെ കുറ്റസമ്മത മൊഴി, നാര്‍കോ പരിശോധനാഫലം തുടങ്ങിയവയും കുറ്റപത്രത്തിലുണ്ട്
അഫ്താബ് പൂനെവാല, ശ്രദ്ധ വാല്‍ക്കര്‍/ ഫയല്‍
അഫ്താബ് പൂനെവാല, ശ്രദ്ധ വാല്‍ക്കര്‍/ ഫയല്‍

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തില്‍ മൂവായിരം പേജുള്ള കുറ്റപത്രം തയ്യാറാക്കി ഡല്‍ഹി പൊലീസ്. നിര്‍ണായകമായ ഇലക്ട്രോണിക്, ഫൊറന്‍സിക് തെളിവുകള്‍, നര്‍ക്കോട്ടിക് പരിശോധന ഫലം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് കുറ്റപത്രം. കരട് കുറ്റപത്രം നിയമകാര്യ വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. ഈ മാസം ഒടുവില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

100 പേരുടെ സാക്ഷിമൊഴികള്‍, പ്രതി അഫ്താബ് പൂനെവാലയുടെ കുറ്റസമ്മത മൊഴി, നാര്‍കോ പരിശോധനാഫലം തുടങ്ങിയവയും കുറ്റപത്രത്തിലുണ്ട്. 2022 മേയ് 18ാം തീയതിയാണ് പങ്കാളിയായ ശ്രദ്ധ വാല്‍ക്കറെ അഫ്താബ് പൂനെവാല അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി പ്രതി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. 

പിന്നീട് ഓരോ ദിവസങ്ങളായി മൃതദേഹാവശിഷ്ടങ്ങള്‍ ഡല്‍ഹി മെഹ്‌റൗളിയിലെ വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു.  മകളെക്കുറിച്ച് യാതൊരു വിവരമില്ലെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ മാസത്തില്‍ ശ്രദ്ധയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അരുംകൊലയുടെ വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അഫ്താബ് പൂനെവാല അറസ്റ്റിലാകുന്നത്. 

പൊലീസ് നടത്തിയ തെളിവെടുപ്പില്‍ വനമേഖലയില്‍നിന്ന് ചില അസ്ഥികള്‍ കണ്ടെടുത്തിരുന്നു. ഇത് കൊല്ലപ്പെട്ട ശ്രദ്ധയുടേതാണെന്ന് ഡിഎന്‍എ. പരിശോധനയില്‍ സ്ഥിരീകരിച്ചു. മുംബൈയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുമ്പോള്‍, ഡേറ്റിങ് ആപ്പിലൂടെയാണ് അഫ്താബും ശ്രദ്ധയും പരിചയപ്പെട്ടതും പ്രണയത്തിലാകുന്നതും. പിന്നീട് ഇവര്‍ ഒരുമിച്ച് താമസിച്ചു. കുടുംബങ്ങള്‍ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഇവര്‍ ഡല്‍ഹിയിലേക്കു താമസം മാറുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com