ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും നല്ലത് മരിക്കുന്നത്; അടുത്ത തെരഞ്ഞെടുപ്പില്‍ ശക്തി കാണിച്ചുതരാം: നിതീഷ് കുമാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2023 03:08 PM |
Last Updated: 30th January 2023 03:08 PM | A+A A- |

നിതീഷ് കുമാര്‍ പ്രധാനമന്ത്രി മോദിക്കൊപ്പം/ ഫയല്‍
പട്‌ന: ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന്റെ ശക്തി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാറുമായി ഒരുതരത്തിലുള്ള സഖ്യവും വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തീരുമാനിച്ചിട്ടുണ്ടെന്ന ബിജെപി രാജ്യസഭ എംപി സുശില്‍ കുമാര്‍ മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2020ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ ജെഡിയു 15 സീറ്റുപോലും നേടില്ലായിരുന്നു എന്നും സുശീല്‍ മോദി പറഞ്ഞിരുന്നു.
'ഞങ്ങള്‍ അടല്‍ ബിഹാരി വാജ്‌പേയിയില്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ ബിജെപിക്കൊപ്പം നിന്നു. 2013ല്‍ സഖ്യം ഉപേക്ഷിച്ചെങ്കിലും ബിജെപിയുടെ നിരന്തര ആവശ്യപ്രകാരം 2017ല്‍ ഞങ്ങള്‍ തിരിച്ചെത്തി. പക്ഷേ 2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ തീരുമാനം തെറ്റായിരുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.'- നിതീഷ് കുമാര്‍ പറഞ്ഞു.
'ഞങ്ങള്‍ ബിജെപിയെ പിന്തുണച്ചു. പക്ഷേ നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയാകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. പക്ഷേ അവര്‍ നിര്‍ബന്ധിച്ചു. മുഖ്യമന്ത്രിയായതിന് ശേഷം അവരുടെ മോശം പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചു'- വാര്‍ത്താ സമ്മേളനത്തില്‍ നിതീഷ് പറഞ്ഞു.
'2005ലും 2010ലും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിവസേനയോടും ജെഎംഎമ്മിനോടും ബിജെപി ആവശ്യപ്പെട്ടു. ഇവരുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ഏകദേശം ജെഡിയുവിന്റേതിന് സമമാണ്. ഇത് കാരണം ആറു സീറ്റുകള്‍ ഞങ്ങള്‍ക്ക് നഷ്ടമായി. 2015ല്‍ ബിജെപിയുമായി സഖ്യമില്ലാതെ മത്സരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് എത്ര സീറ്റാണ് കിട്ടിയതെന്ന് നിങ്ങള്‍ കണ്ടതാണ്. ഇനി അടുത്ത തെരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കൂ. ഞങ്ങളുടെ കപ്പാസിറ്റിയെ കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണ കിട്ടും. ഭാവിയില്‍ ബിജപിയുമായി സഖ്യമുണ്ടാക്കുന്നതിലും നല്ലത് മരിക്കുന്നതാണ്. ലാലു പ്രസാദ് യാദവിന് എതിരെ ബിജെപി മനപ്പൂര്‍വ്വം കേസെടുത്തു. സഖ്യം പിരിഞ്ഞതിന് ശേഷവും അത് വീണ്ടും ചെയ്യുന്നു'- അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ കനത്ത മഞ്ഞു വീഴ്ച, പ്രതികൂല കാലാവസ്ഥയിലും ആവേശം ചോരാതെ പ്രതിപക്ഷസംഗമം; ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്ജ്വല സമാപനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ