അച്ഛനും അമ്മയ്ക്കും തന്നെക്കാള്‍ സ്‌നേഹം അനിയനോട്; സഹോദരനെ കഴുത്ത് ഞെരിച്ചുകൊന്ന് 15കാരി

By സമകാലിക മലയാളം ഡെസ്ക്   |   Published: 01st June 2023 11:20 AM  |  

Last Updated: 01st June 2023 11:20 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

ചണ്ഡിഗഡ്:  മാതാപിതാക്കള്‍ തന്നെക്കാള്‍ ഇളയ സഹോദരനെ കൂടുതല്‍ സ്‌നേഹിക്കുന്നെന്ന് കരുതി പതിനഞ്ചുകാരി പന്ത്രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ഭല്ലഭ്ഗഡിലാണ് സംഭവം. സഹോദരന്റെ കൈയിലുള്ള മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടിക്ക് നല്‍കാതിരുന്നതും കൊലയ്ക്ക് കാരണമായെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

ചൊവ്വാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍, ബെഡ് ഷീറ്റിനടിയില്‍ മകന്‍ അനങ്ങാതെ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. അവനെ ഉണര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ബെഡ്ഷീറ്റ് മാറ്റി നോക്കിയപ്പോള്‍ മകനെ കഴുത്ത് ഞെരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് അമ്മ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മൂത്ത മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും അമ്മ പറഞ്ഞു.

പെണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ 15കാരി കുറ്റം സമ്മതിച്ചു. ഉത്തര്‍പ്രദേശില്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിക്കുന്ന ഇരുവരും വേനല്‍ അവധിക്കാലം ചെലവഴിക്കാനാണ് അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കള്‍ തന്നേക്കാള്‍ കൂടുതല്‍ സഹോദരനെയാണ് ഇഷ്ടപ്പെടുന്നതെന്ന് പെണ്‍കുട്ടി വിശ്വസിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

രക്ഷിതാക്കള്‍ മകന് മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു. സംഭവദിവസം സഹോദരന്‍ ഫോണില്‍ ഗെയിം കൡക്കുന്നതിനിടെ പെണ്‍കുട്ടി ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് കൈമാറാന്‍ 12കാരന്‍ തയ്യാറായില്ല. തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ അവള്‍ അവനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വീടിന് ഇരട്ട ലോക്കിങ് സിസ്റ്റം, അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയും മകളും മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ