ജൂണ്‍ ഒന്‍പത് വരെ കാത്തിരിക്കും; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; അന്ത്യശാസനവുമായി ഖാപ്പ് പഞ്ചായത്ത്

ബ്രിജ് ഭൂഷണിന്റെ അറസ്റ്റില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും  തയ്യാറല്ല.
ബ്രിജ് ഭൂഷൻ/ ട്വിറ്റര്‍
ബ്രിജ് ഭൂഷൻ/ ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതികളില്‍ കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കി കര്‍ഷക സംഘടനാ നേതാക്കള്‍. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷ നേതാക്കളുടെ നേതൃത്വത്തില്‍ ഖാപ് പഞ്ചായത്ത് ചേര്‍ന്നു. ഈ മാസം ഒമ്പതിനകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പം അണി നിരക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് ജൂണ്‍ ഒമ്പത് വരെ സമയമുണ്ട്. ബ്രിജ് ഭൂഷണിന്റെ അറസ്റ്റില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും  തയ്യാറല്ല. അത് നടപ്പായില്ലെങ്കില്‍ ജൂണ്‍ ഒമ്പതിന് കര്‍ഷകര്‍ ജന്തര്‍ മന്തറിലേക്ക് പോകും. രാജ്യത്തുടനീളം പഞ്ചായത്തുകള്‍ നടത്തും. ഗുസ്തി താരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം. ബ്രിജ് ഭൂഷണെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു.

ജൂണ്‍ ഒമ്പതിന് ജന്തര്‍ മന്തറില്‍ പ്രതിഷേധമിരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍ രംഗത്തുവന്നു. 1983ല്‍ ഇന്ത്യക്ക് കന്നി ഏകദിന ലോകകപ്പ് സമ്മാനിച്ച ടീമിലെ ഇതിഹാസ താരങ്ങളാണ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്. പ്രസ്താവനയിലൂടെയായിരുന്നു പിന്തുണ.

ക്യാപ്റ്റന്‍ കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, കെ ശ്രീകാന്ത്, സയ്യിദ് കിര്‍മാനി അടക്കമുള്ള താരങ്ങളാണ് പിന്തുണച്ചത്.അതേസമയം വീരേന്ദര്‍ സെവാ?ഗും ഇര്‍ഫാന്‍ പഠാനും റോബിന്‍ ഉത്തപ്പയും ഒഴികെയുള്ള മറ്റ് ക്രിക്കറ്റ് താരങ്ങളെല്ലാം വിഷയത്തില്‍ മൗനം തുടരുകയാണ്. അതിനിടെയാണ് 83ലെ ഇതിഹാസങ്ങളുടെ പ്രതികരണം.

'നമ്മുടെ ചാമ്പ്യന്‍ ഗുസ്തിക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഞങ്ങളെ അങ്ങേയറ്റം വിഷമിപ്പിച്ചു. അവരെ റോഡിലൂടെ വലിച്ചിഴച്ചതും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അവര്‍ കഠിനാധ്വാനം ചെയ്താണ് മെഡലുകള്‍ നേടിയത്. അവ ഗംഗാ നദിയില്‍ ഒഴുക്കുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിച്ചത്. തിടുക്കപ്പെട്ട് ഈ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് അവരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. അവര്‍ രാജ്യത്തിന്റെ അഭിമാനങ്ങളും സന്തോഷവുമാണ്. അവരുടെ പരാതികള്‍ കേള്‍ക്കുകയും വേഗത്തില്‍ പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് ഞങ്ങള്‍ വലിയ തോതില്‍ തന്നെ പ്രതീക്ഷിക്കുന്നു. രാജ്യത്തെ നിയമ വ്യവസ്ഥ വിജയിക്കട്ടെ'- ഇതിഹാസ താരങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിനെതിരായ ലൈംഗികാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു മാസത്തില്‍ അധികമായി ഗുസ്തി താരങ്ങള്‍ സമരത്തിലാണ്. മെഡലുകള്‍ ഗംഗയിലെറിഞ്ഞുള്ള സമര പരിപാടിയിലേക്കടക്കം ഗുസ്തി താരങ്ങള്‍ പോകേണ്ടി വന്നിരുന്നു. പിന്നാലെയാണ് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com