ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിൽ പരിക്കേറ്റവരുമായി പോയ ബസ് ബംഗാളിൽ അപകടത്തിൽപെട്ടു

പരിക്കേറ്റവരുമായി പോയ ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊൽക്കത്ത: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. ശനിയാഴ്ച ബംഗാളിലെ മെദിനിപൂരിലാണ് അപകടമുണ്ടായത്. പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തെ തുടർന്ന് മേദിനിപൂർ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.

പരിക്കേറ്റ യാത്രക്കാരെ ബസിൽ കയറ്റി ചികിത്സയ്ക്കായി ബംഗാളിലെ വിവിധ ജില്ലകളിലേക്ക് എത്തിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി പേർക്ക് വീണ്ടും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ രക്ഷപ്പെടുത്തി മറ്റ് വാഹനങ്ങളിൽ പശ്ചിമബംഗാളിലെ വിവിധ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ബസിന്റെ മുൻഭാ​ഗം തകർന്നു.

വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് ഒഡീഷയിലെ ബലസോറിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു  ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍ നിന്നു ചെന്നൈ സെന്‍ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു.

മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്‍വേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടകാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com