അന്വേഷണം പ്രഖ്യാപിച്ചത് കൊണ്ടുമാത്രം കാര്യമില്ല; റെയില്‍വെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിന് പിന്നാലെ, റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അപകട സ്ഥലത്ത്/എഎന്‍ഐ
കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അപകട സ്ഥലത്ത്/എഎന്‍ഐ

ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിന് പിന്നാലെ, റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ' ലാല്‍ ബഹദൂര്‍ ശാസ്ത്രി കാണിച്ചു തന്ന വഴിപോലെ, അശ്വിനി വൈഷ്ണവ് രാജിവയ്ക്കണം. ട്രെയിന്‍ അപകടമുണ്ടായപ്പോള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി റെയില്‍വെ മന്ത്രി സ്ഥാനം രാജിവച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ രാജി സ്വീകരിക്കണോ വേണ്ടയോ എന്നത് പ്രധാനമന്ത്രിയുടെ തീരുമാനമാണെന്നും ചവാന്‍ കൂട്ടിച്ചേര്‍ത്തു. 

അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് എന്‍സിപിയും എഎപിയും രംഗത്തെത്തി. 'ഇത് ഇന്ത്യയിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തമാണ്. മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചു. നിരവധിപേര്‍ മരിച്ചു. കുറച്ചുദിവസം മുന്‍പാണ് സര്‍ക്കാര്‍ ട്രെയിനുകള്‍ കൂട്ടിമുട്ടാതിരിക്കാനുള്ള സിസ്റ്റം വികസിപ്പിച്ചെന്ന് അവകാശപ്പെട്ടത്. അത് നുണയായിരുന്നോ? അതോ ആ പദ്ധതിയിലും അഴിമതി കടന്നുകൂടിയോ? അപകടത്തിന്റെ ഉത്തരവാദിത്തം ഉറപ്പായും ആരെങ്കിലും ഏറ്റെടുക്കണം. അന്വേഷിക്കാനായി ഒരു കമ്മിറ്റി രൂപീകരിച്ചു എന്ന് പറഞ്ഞതുകൊണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. റെയില്‍വെ മന്ത്രി രാജിവയ്ക്കണം'- എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ട്വീറ്റ് ചെയ്തു. 

അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് എന്‍സിപി നേതാവ് അജിത് പവാറും രംഗത്തെത്തി.  ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അശ്വിനി വൈഷ്ണവ് രാജിവയ്ക്കണം. മന്ത്രിയുടെ രാജികൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കില്ല. രാജ്യത്തിന്റെ പലസ്ഥലങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാന്‍ ഈ സര്‍ക്കാര്‍ ആലോചിക്കുകയാണ്. വന്ദേഭാരത് ആരംഭിച്ചു. നിരവധി റൂട്ടുകള്‍ സ്വകാര്യവത്കരിച്ചു. ഇതൊക്കെ ചെയ്യുമ്പോഴും നിരവധി സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുകയാണ്. ഇത് സര്‍ക്കാരിന്റെയും റെയില്‍വെ വകുപ്പിന്റെയും പരാജയമാണ്.'- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com