ബ്രിജ് ഭൂഷനെതിരെ പോക്‌സോ കേസ് ഇല്ല?; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി തിരുത്തി; റിപ്പോര്‍ട്ട്

ലൈംഗികാതിക്രമം നടത്തിയെന്ന മൊഴിയാണ് പെണ്‍കുട്ടി തിരുത്തിയത്.
ബ്രിജ്ഭൂഷൺ സിങ്/ പിടിഐ
ബ്രിജ്ഭൂഷൺ സിങ്/ പിടിഐ

ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്. ലൈംഗികാതിക്രമം നടത്തിയെന്ന മൊഴിയാണ് പെണ്‍കുട്ടി തിരുത്തിയത്. സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ പുതിയ മൊഴി രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊഴി പൊലീസ് കോടതിക്ക് കൈമാറും. ഏത് സ്വീകരിക്കണമെന്ന് കോടതി തീരുമാനിക്കും.

നേരത്തെ നല്‍കിയ മൊഴിയില്‍  ഏത് തരത്തിലാണ് ബ്രിജ്ഭൂഷന്‍ ലൈംഗികാതിക്രമം നടത്തിയതെന്ന്് പൊലീസിന് മുന്നിലും മജിസ്‌ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അതിന് പിന്നാലെ ആഴ്ചകള്‍ക്ക് ശേഷമാണ് ഈ മൊഴി പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടി തിരുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏത് സാഹചര്യത്തിലാണ് മൊഴിമാറ്റിയതെന്നത് വ്യക്തമല്ല. പൊലീസോ, പെണ്‍കുട്ടിയുടെ മാതാപിതാക്കളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

ഇന്നലെ മുതല്‍ പെണ്‍കുട്ടി മൊഴിമാറ്റിയെന്നതിനെ സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, പുനിയ തുടങ്ങിയവര്‍ നിഷേധിച്ചിരുന്നു. 

ബ്രിജ് ഭൂഷന്റെ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള ഔദ്യോഗിക വസതിയിലെത്തിയ ഡല്‍ഹി പൊലീസ് ജീവനക്കാരെ ചോദ്യം ചെയ്യുന്നു. വനിതാ താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷനെതിരെ ഡല്‍ഹി പൊലീസ് രണ്ട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

ബ്രിജ് ഭൂഷനെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് 12 പേരുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് പൊലീസ് എത്തിയതെന്നാണ് സൂചന. തെളിവുകള്‍ക്കായി വിവരങ്ങള്‍ ശേഖരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബ്രിജ് ഭൂഷന്റെ നിരവധി അനുയായികളെയും പൊലീസ് ചോദ്യം ചെയ്തു. അതേസമയം, ബ്രിജ് ഭൂഷണെ പൊലീസ് ചോദ്യം ചെയ്തോ എന്ന് വ്യക്തമല്ല. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇതുവരെ 137 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങള്‍ ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം സമരരംഗത്തുള്ള ഗുസ്തി താരങ്ങളായ സാക്ഷി മാലിക്ക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ ഔദ്യോഗിക ജോലികളില്‍ തിരികെ പ്രവേശിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com