സാമ്പത്തിക പ്രതിസന്ധി തുടരുന്നു; ​ഗോ ഫസ്റ്റ് ജൂൺ 12 വരെയുള്ള സർവീസുകൾ റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2023 02:09 PM  |  

Last Updated: 08th June 2023 02:09 PM  |   A+A-   |  

go first

ഗോ ഫസ്റ്റ് എയർലൈൻ, ഫയല്‍ ചിത്രം

​മുംബൈ:  സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബജറ്റ് വിമാനമായ ഗോ ഫസ്റ്റ് ​ജൂൺ 12 വരെയുള്ള വിമാന സർവീസുകൾ റദ്ദാക്കി. വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. നിലവിൽ ഗോ ഫസ്റ്റ് ടിക്കറ്റ് വിതരണം നിർത്തിവച്ചിരിക്കുകയാണ്.

ജൂൺ 7 വരെയുള്ള വിമാന സർവീസുകൾ മുഴുവനും നിർത്തിവയ്ക്കുമെന്ന് നേരത്തെ ഗോ ഫസ്റ്റ് മേധാവി കൗശിക് ഖോന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റദ്ദാക്കൽ നടപടി വീണ്ടും ദീർഘിപ്പിച്ചത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോ ഫസ്റ്റ്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്യുകയായിരുന്നു. വിമാന എന്‍ജിന്‍ നിര്‍മ്മാണരംഗത്തെ പ്രമുഖ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്‌നി എന്‍ജിനുകള്‍ വിതരണം ചെയ്യാത്തതാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇതുവരെ കമ്പനിയുടെ 28 വിമാനങ്ങള്‍ നിലത്തിറക്കി. ഇത് മൊത്തം വിമാനങ്ങളുടെ പകുതിയിലേറെ വരും.

അതേസമയം, ഡിജിസിഎയെ 30 ദിവസത്തിനകം വിമാനങ്ങളുടെയും പൈലറ്റുമാരുടെയും ലഭ്യത ഉൾപ്പടെയുള്ള വിവരങ്ങൾ കാണിച്ച് പുനരുജീവന പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാപ്പരത്ത പരിഹാര നടപടികളുമായി കമ്പനി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടായാല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും കൗശിക് ഖോന അറിയിച്ചു. ഗോ ഫസ്റ്റില്‍ 5000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ട്രെയിന്‍ ദുരന്തം: റെയില്‍വേ ജീവനക്കാരുടെ ഫോണുകള്‍ സിബിഐ പിടിച്ചെടുത്തു; ലോക്കോ പൈലറ്റിനെ ചോദ്യം ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ