"കണ്ണാടിയിൽ എന്റെ മാറിടങ്ങൾ കാണുന്നുണ്ടായിരുന്നു, അയാൾ അവിടേക്കുതന്നെ നോക്കിയിരുന്നു"; ഊബർ ഓട്ടോ ഡ്രൈവർക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി

ഓട്ടോഡ്രൈവറുടെ ഫോട്ടോയും വിഡിയോയും സഹിതമാണ് മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്
മാധ്യമപ്രവർത്തക ട്വിറ്ററിൽ പങ്കുവച്ച് ഓട്ടോ ഡ്രൈവറുടെ ചിത്രം
മാധ്യമപ്രവർത്തക ട്വിറ്ററിൽ പങ്കുവച്ച് ഓട്ടോ ഡ്രൈവറുടെ ചിത്രം

ന്യൂഡൽഹി: ഊബർ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ മോശമായി പെരുമാറിയെന്ന് മാധ്യമപ്രവർത്തകയുടെ പരാതി. സംഭവം വിശദീകരിച്ച് മാധ്യമപ്രവർത്തക പങ്കുവച്ച ട്വീറ്റ് ശ്രദ്ധനേടിയതിന് പിന്നാലെ ഡൽഹി വനിത കമ്മിഷൻ സംഭവത്തിൽ ഇടപെട്ടു. പരാതിയിൽ ഡൽഹി പൊലീസും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. വിനോദ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് പരാതി. 

ഓട്ടോഡ്രൈവറുടെ ഫോട്ടോയും വിഡിയോയും സഹിതമാണ് മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്. "മാളവ്യ നഗറിലെ സുഹൃത്തിനെ കാണാനായി എൻ‌എഫ്‌സിയിൽ നിന്നാണ് ഞാൻ ഊബർ ആപ്പ് വഴി ബുക്ക് ചെയ്‌ത ഓട്ടോയിൽ കയറിയത്. ഓട്ടോയിലിരുന്ന് ഞാൻ‌ പാട്ട് കേൾക്കുകയായിരുന്നു അതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം കണ്ടില്ല. ഇടയ്ക്ക് ശ്രദ്ധിച്ചപ്പോൾ ഡ്രൈവർ ഓട്ടോയുടെ ഇടതുവശത്തെ കണ്ണാടിയിലൂടെ എന്നെ നോക്കുന്നത് കണ്ടു. കണ്ണാടിയിൽ എന്റെ മാറിടങ്ങൾ കാണുന്നുണ്ടായിരുന്നു. അയാൾ അവിടേക്കുതന്നെ നോക്കിയിരിക്കുന്നത് എന്നെ അസ്വസ്ഥപ്പെടുത്തി. സീറ്റിന്റെ മറുവശത്തേക്ക് മാറിയിരുന്നപ്പോൾ വലത് വശത്തെ കണ്ണാടിയിലൂടെ അയാൾ നോക്കുകയായിരുന്നു. പിന്നെ കണ്ണാടിയിൽ എന്നെ കാണാത്തവിധം ഞാൻ നീങ്ങിയിരുന്നു. പക്ഷെ എന്നിട്ടും അയാൾ പിന്മാറിയില്ല. അപ്പോൾ ഊബർ ആപ്പിൽ കണ്ട നമ്പറിൽ ബന്ധപ്പെടാൻ ഞാൻ ശ്രമിച്ചു. പക്ഷെ ആപ്പിലെ തകരാറുകാരണം കമ്പനിയുമായി ബന്ധപ്പെടാൻ സാധിച്ചില്ല. അതുകൊണ്ട് രാത്രി ഇക്കാര്യം വിവരിച്ച് ട്വീറ്റ് കുറിച്ചു. അത് വൈറലായപ്പോൾ ഡൽഹി വനിത കമ്മിഷൻ ഇടപെട്ടു. കമ്മിഷനിൽ ഞാൻ പരാതിയും നൽകി. അതുകഴിഞ്ഞാണ് ഞാൻ പൊലീസ് പരാതി രജിസ്റ്റർ ചെയ്‌തത്. എഫ്‌ഐആർ ഫയൽ ചെയ്യുമെന്നും നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്നും ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവം നടന്നത് പകൽ സമയത്തായതിനാൽ എനിക്ക് നേരിടാൻ കഴിഞ്ഞു. രാത്രിയിലാണ് ഇത് നടന്നതെങ്കിലോ? ആ സമയത്ത് ഊബർ ആപ്പ് പ്രവർത്തിച്ചില്ല. ശരിയായ സംവിധാനം ഉണ്ടാകേണ്ടതാണ്. അവർ എന്നെ തിരിച്ച് ബന്ധപ്പെടണമായിരുന്നു. ഞാൻ പ്രതികരിച്ചതിന് ശേഷമാണ് കമ്പനി എന്നെ ബന്ധപ്പെട്ടത്", സംഭവം വിശദീകരിച്ച് മാധ്യമപ്രവർത്തക കുറിച്ച ട്വീറ്റ്. 

സംഭവത്തിൽ ഊബർ ഇന്ത്യയ്‌ക്കും ഡൽഹി പൊലീസിനും ഡൽഹി വനിത കമ്മിഷൻ നോട്ടിസ് നൽകി. "ഊബർ ഓട്ടോയിൽ വച്ച് മാധ്യമപ്രവർത്തകയെ ഓട്ടോ ഡ്രൈവർ അപമാനിക്കാൻ ശ്രമിച്ച ദൗർഭാഗ്യകരമായ സംഭവത്തിൽ ഊബർ ഇന്ത്യയ്‌ക്കും ഡൽഹി പൊലീസിനും നോട്ടിസ് നൽകിയിട്ടുണ്ട്. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി ഊബർ സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ച് വിശദീകരണം നൽകാനും നിർദേശം നൽകി", ഡൽഹി വനിത കമ്മിഷൻ (ഡിസിബ്ല്യു) അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com