'കേന്ദ്രം ചെയ്യേണ്ടതു ചെയ്യാതെ ഹര്‍ജിയുമായി വരുന്നു'; ഭോപ്പാല്‍ ദുരന്തക്കേസില്‍ സുപ്രീം കോടതി

നഷ്ടപരിഹാര കരാര്‍ ഉണ്ടാക്കി രണ്ടു പതിറ്റാണ്ടിനു ശേഷം വീണ്ടും ഹര്‍ജിയുമായി വരുന്ന സര്‍ക്കാര്‍ നടപടി യുക്തിയില്ലാത്തതാണ്
സുപ്രീം കോടതി/ പിടിഐ
സുപ്രീം കോടതി/ പിടിഐ

ന്യൂഡല്‍ഹി: ഭോപ്പാല്‍ വാതക ദുരന്തത്തിന് ഇരയായവര്‍ക്ക് അധിക നഷ്ടപരിഹാരം നല്‍കുന്നതിന് കമ്പനിയില്‍നിന്നു കൂടുതല്‍ തുക ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിക്ക് ഉറപ്പു നല്‍കിയിരുന്നതു പ്രകാരം ഇരകള്‍ക്കായി ഇന്‍ഷുറന്‍സ് പോളിസി ആവിഷ്‌കരിക്കാത്തതിന് കോടതി കേന്ദ്രത്തെ വിമര്‍ശിച്ചു. ഗുരുതരമായ അലംഭാവമാണ് സര്‍ക്കാരിന്റേതെന്ന് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു. 

വാതകദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് പിന്നീട് ഏറ്റെടുത്ത കമ്പനികളില്‍ നിന്ന് 7844 കോടി രൂപ അധികമായി ഈടാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം ഹര്‍ജി നല്‍കിയത്. 1984ലെ വാതക ദുരന്തത്തില്‍ 3000 പേര്‍ മരിച്ചത് അടക്കം ഒട്ടേറെ പേര്‍ ദുരിതത്തിലായിരുന്നു.

അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം ക്ഷേമരാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയുടെ ഭരണകൂടത്തിന്റേതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനായി ഇന്‍ഷുറന്‍സ് പോളിസികള്‍ ആവിഷ്‌കരിക്കണമായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും കോടതിയെ അറിയിച്ചിട്ടില്ല. ഇത് ഗുരുതരമായ അലംഭാവമാണ്. പുനപ്പരിശോധനാ ഹര്‍ജിയിലെ വിധിയില്‍ കോടതി ഇക്കാര്യം വ്യക്തമായി നിര്‍ദേശിച്ചിരുന്നതാണ്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം ചെയ്യാതെ കമ്പനിയില്‍ ഉത്തരവാദിത്വം ഏല്‍പ്പിച്ച് ഹര്‍ജിയുമായി വരുന്നതു ശരിയല്ല- കോടതി പറഞ്ഞു.

നഷ്ടപരിഹാര കരാര്‍ ഉണ്ടാക്കി രണ്ടു പതിറ്റാണ്ടിനു ശേഷം വീണ്ടും ഹര്‍ജിയുമായി വരുന്ന സര്‍ക്കാര്‍ നടപടി യുക്തിയില്ലാത്തതാണ്. ആര്‍ബിഐയുടെ പക്കലുള്ള അന്‍പതു കോടി ശേഷിച്ച നഷ്ടപരിഹാര അപേക്ഷകളില്‍ തൃപ്തികരമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഉപയോഗിക്കാം. കമ്പനിയില്‍നിന്ന് അധിക തുക ഈടാക്കണമെന്ന സര്‍ക്കാര്‍ വാദത്തിന് നിയമപരമായ നിലനില്‍പ്പില്ലെന്നു കോടതി പറഞ്ഞു. 

ഒരു ഒത്തു തീര്‍പ്പു കരാര്‍ ഒന്നുകില്‍ സാധുവാണ്, അല്ലെങ്കില്‍ വ്യാജമായതുകൊണ്ട് തള്ളിക്കളയേണ്ടതാണ്. ഇവിടെ വ്യാജമാണെന്നു സര്‍ക്കാരിനു പോലും വാദമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com