അന്നു കീറിയെറിഞ്ഞ ഓര്‍ഡിനന്‍സ് രക്ഷയായേനെ; അയോഗ്യതയുടെ തുലാസില്‍ രാഹുലിന്റെ എംപി സ്ഥാനം

ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം റദ്ദാവുന്നത് ഒഴിവാക്കാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് രാഹുല്‍ പരസ്യമായി കീറിയെറിഞ്ഞത് രാഷ്ട്രീയ വിവാദത്തിനു വഴിവച്ചിരുന്നു
രാഹുല്‍ ഗാന്ധി/പിടിഐ
രാഹുല്‍ ഗാന്ധി/പിടിഐ

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം തുലാസില്‍ ആടുമ്പോള്‍ ചര്‍ച്ചയാവുന്നത് ഒരു പതിറ്റാണ്ടു മുമ്പ് രാഹുല്‍ തന്നെ കീറിയെറിഞ്ഞ ഓര്‍ഡിനന്‍സ്. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം റദ്ദാവുന്നത് ഒഴിവാക്കാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് രാഹുല്‍ പരസ്യമായി കീറിയെറിഞ്ഞത് രാഷ്ട്രീയ വിവാദത്തിനു വഴിവച്ചിരുന്നു. 

ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (4) വകുപ്പ് അനുസരിച്ച് ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളുടെ അംഗത്വം, അപ്പീല്‍ കാലയളവായ മൂന്നു മാസത്തേക്ക് റദ്ദാവില്ലെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 2013 ജൂലൈ പത്തിന് ഇത് സുപ്രീം കോടതി അസാധുവാക്കി. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ കണ്ടെത്തല്‍.

സുപ്രീംകോടതി വിധി മറികടക്കാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവരുടെ വിധി വരുന്നതിനു തൊട്ടു മു്മ്പായി ആയിരുന്നു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇതിനെ ശക്തമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഡല്‍ഹി പ്രസ് ക്ലബില്‍ വച്ച് പരസ്യമായി കീറിയെറിഞ്ഞു. അടിമുടി കഥയില്ലാത്ത ഓര്‍ഡിന്‍സ് എന്നായിരുന്നു അന്നു രാഹുല്‍ ഓര്‍ഡിനന്‍സിനെക്കുറിച്ചു പറഞ്ഞത്. രാഹുലിന്റെ നടപടി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ അതൃപ്തി ഉളവാക്കിയെങ്കിലും യുപിഎ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കുകയായിരുന്നു.

രാഹുലിന്റെ ശിക്ഷ നടപ്പാക്കുന്നതിന് സൂറത്ത് കോടതി മുപ്പതു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അതിനകം അപ്പീല്‍ നല്‍കുകയും മേല്‍ക്കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തില്ലെങ്കില്‍ വയനാട്ടില്‍നിന്നുള്ള പാര്‍ലമെന്റ് അംഗത്വം രാഹുവിന് നഷ്ടമാവും. മാത്രമല്ല, ആറു വര്‍ഷത്തേക്കു മത്സരിക്കുന്നതിനു വിലക്കും വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com