കേസിന് വഴിമരുന്നിട്ട പ്രധാനമന്ത്രിയുടെ ആ ചോദ്യം; എന്താണ് രാഹുല്‍ ഗാന്ധിയെ കുടുക്കിയ 'മോദി പ്രസംഗം'?

കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രില്‍ 13ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ ആയിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം
രാഹുല്‍ ഗാന്ധി കോടതിയിലേക്ക് എത്തുന്നു/എഎന്‍ഐ
രാഹുല്‍ ഗാന്ധി കോടതിയിലേക്ക് എത്തുന്നു/എഎന്‍ഐ

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാപണ വേളയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയേയും നികുതി തട്ടിപ്പ് നടത്തിയ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയേയും  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ച് നടത്തിയ പ്രസംഗമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസിലേക്ക് നയിച്ച സംഭവം. കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രില്‍ 13ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ ആയിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്? എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും'- ഇതായിരുന്നു രാഹുലിന്റെ 'മോദി പ്രസംഗം'. 

വഴിമരുന്നിട്ട പ്രധാനമന്ത്രിയുടെ ചോദ്യം

രാഹുലിന് എതിരെ അന്നു തന്നെ ബിജെപി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുലിന് എതിരെ രംഗത്തുവന്നു.' മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് കുടുംബാധിപത്യക്കാര്‍ സ്ഥിരമാക്കിയിരിക്കുന്നു' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മറുപടി നല്‍കിയത്. ' ഇങ്ങനെയാണോ പ്രസംഗിക്കുന്നത്? അധിക്ഷേപ ഭാഷ പതിവാണ്, അത്തരക്കാരെ പുറത്താക്കണം. ഇവിടുത്തെ സാഹു സമുദായത്തെ ഗുജറാത്തില്‍ മോദി എന്നാണ് വിളിക്കുന്നത്. അവരെല്ലാം കള്ളന്‍മാരാണോ? പ്രധാനമന്ത്രിയുടെ ഈ ചോദ്യത്തിന് പിന്നാലെയാണ് കേസിന് ആസ്പദമായ നീക്കം നടന്നത്. 

പിന്നാലെ, രാഹുലിന്റെ പരാമര്‍ശം മോദി സമുദായത്തില്‍ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. രാഹുലിന്റെ പരാമര്‍ശം തനിക്ക് വ്യക്തിപരമായി മാനഹാനിയുണ്ടായെന്നും മോദി സമുദായത്തിലുള്ള എല്ലാവരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൂര്‍ണേഷ് മോദി കോടതിയെ സമീപിച്ചത്. 

കേസിന്റെ നാള്‍വഴികള്‍

തുടര്‍ന്ന് രാഹുലിനെ ഉള്‍പ്പെടെ വിളിച്ചുവരുത്തി കോടതി കേസില്‍ വാദം കേട്ടു. മൂന്ന് തവണ രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരായി.
കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് രാഹുലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിചാരണ നടപടികള്‍ ഗുജറാത്ത് ഹൈക്കോടതി നേരത്തെ താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി സ്റ്റേ നീക്കിയതിനെത്തുടര്‍ന്ന് 2023 ഫെബ്രുവരിയിലാണ് വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. തുടര്‍ന്ന് വിശദമായ വാദം കേട്ടു.

തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് പ്രസംഗത്തെ ന്യായീകരിച്ചായിരുന്നു രാഹുലിന്റെ മൊഴി. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പൂര്‍ണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും രാഹുല്‍ കോടതിയില്‍ വാദിച്ചു. 

കേസില്‍ അന്തിമ വാദം കേട്ടശേഷം ഐപിസി 504 പ്രകാരം രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി സൂറത്ത് ചീഫ് മജിസ്ട്രേറ്റ് എച്ച്എച്ച് വര്‍മ്മയാണ് വിധി പ്രസ്താവിച്ചത്. 

തലയ്ക്ക് മുകളില്‍ അയോഗ്യതയുടെ വാള്‍

രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി വിധിക്കു സ്റ്റേ വന്നില്ലെങ്കില്‍ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാവും.

രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്കു തടഞ്ഞിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിനു ജാമ്യവും അനുവദിച്ചു. മേല്‍ക്കോടതി ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അയോഗ്യതയും വരും.

അന്ന് മാപ്പുപറഞ്ഞ് രക്ഷപ്പെട്ടു

നേരത്തെയും രാഹുലിന് എതിരെ സമാനമായ കേസ് വന്നിരുന്നു. റഫാല്‍ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കാവല്‍ക്കാരന്‍ കള്ളനാണെന്ന (ചൗക്കീദാര്‍ ചോര്‍ ഹേ) പരാമര്‍ശത്തില്‍ നേരത്തെ കേസ് വന്നപ്പോള്‍ രാഹുല്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. കേസില്‍ രാഹുലിന്റെ മാപ്പ് അംഗീകരിച്ച കോടതി ഭാവിയില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com