അദാനിയുടെ പേര് പറയുമ്പോള്‍ എന്തിനാണ് വെപ്രാളം ?; പ്രധാനമന്ത്രി ഭീരു; വെല്ലുവിളിച്ച് പ്രിയങ്ക

മോദിക്കെതിരായ പോരാട്ടം ഒരു ദിവസം കൊണ്ട് തീരുന്നതല്ലെന്ന് രാജ്ഘട്ടില്‍ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു
പ്രിയങ്കഗാന്ധി സത്യഗ്രഹസമരത്തില്‍ സംസാരിക്കുന്നു/ പിടിഐ
പ്രിയങ്കഗാന്ധി സത്യഗ്രഹസമരത്തില്‍ സംസാരിക്കുന്നു/ പിടിഐ

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നടത്തുന്ന സങ്കല്‍പ് സത്യാഗ്രഹസമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി അഹങ്കാരിയും ഭീരുവുമാണ്. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കും. തനിക്കെതിരെയും കേസെടുക്കാന്‍ പ്രിയങ്കഗാന്ധി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചു. 

രാജീവ് ഗാന്ധിയുടെ അന്ത്യയാത്ര പ്രസംഗത്തില്‍ പ്രിയങ്ക അനുസ്മരിച്ചു. രക്തസാക്ഷിയുടെ മകനായ എന്റെ സഹോദരനെ നിങ്ങള്‍ രാജ്യദ്രോഹിയെന്നും മിര്‍ ജാഫറെന്നും വിളിക്കുന്നു. നിങ്ങള്‍ അവന്റെ അമ്മയെ അപമാനിക്കുന്നു. ബിജെപിയുടെ ഒരു മുഖ്യമന്ത്രി പറഞ്ഞത് രാഹുല്‍ ഗാന്ധിക്ക് തന്റെ അമ്മ ആരാണെന്ന് അറിയില്ല എന്നാണ്. നിങ്ങള്‍ എല്ലാ ദിവസവും എന്റെ കുടുംബത്തെ അപമാനിക്കുന്നു. എന്നാല്‍ കേസുകള്‍ ഒന്നും എടുത്തുകാണുന്നില്ല. ഇത്തരക്കാരെ ജയിലില്‍ അടയ്ക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ വിലക്കിയും കാണുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു. 

പ്രധാനമന്ത്രി, പാര്‍ലമെന്റില്‍, 'എന്തുകൊണ്ടാണ് രാഹുലിന്റെ കുടുംബം നെഹ്റുവിന്റെ പേര് ഉപയോഗിക്കാത്തത്' എന്ന് ചോദിച്ചു. അദ്ദേഹം അപമാനിച്ചത് കശ്മീരി പണ്ഡിറ്റുകളെയാണ്. പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ പേര് മുന്നോട്ട് കൊണ്ടുപോകുന്ന മകന്റെ ആചാരത്തെയാണ്. അദാനിയുടെ പേര് പറയുമ്പോള്‍ വെപ്രാളം എന്തിനാണ്? അദാനിയുടെ ഷെല്‍ കമ്പനികളില്‍ 20000 കോടി നിക്ഷേപിച്ചത് ആരാണ് ? കൊള്ളയടിച്ചത് രാജ്യത്തിന്റെ സമ്പത്താണെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപി പരിവാറിനെക്കുറിച്ച് സംസാരിക്കുന്നു, ആരാണ് ശ്രീരാമന്‍ ? അദ്ദേഹം 'പരിവാര്‍വാദി' ആയിരുന്നോ, കുടുംബത്തിന്റെ സംസ്‌കാരത്തിന് വേണ്ടി പോരാടിയതുകൊണ്ടുമാത്രം പാണ്ഡവര്‍ 'പരിവാര്‍വാദി' ആയിരുന്നോ? നമ്മുടെ കുടുംബാംഗങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പോരാടിയതിന് നമ്മള്‍ ലജ്ജിക്കണോ? പ്രിയങ്ക ചോദിച്ചു. രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രിയെ ആശ്ലേഷിച്ചു. നമുക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളുണ്ടാകാം. എന്നാല്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രമില്ലെന്നാണ് രാഹുല്‍ പറഞ്ഞതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. 

മോദിക്കെതിരായ പോരാട്ടം ഒരു ദിവസം കൊണ്ട് തീരുന്നതല്ലെന്ന് രാജ്ഘട്ടില്‍ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. നീരവ് മോദിയും ലളിത് മോദിയും പിന്നാക്ക സമുദായാംഗങ്ങളാണോയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. സാമ്പത്തിക വെട്ടിപ്പു നടത്തി ഒളിച്ചോടിയ ഈ കള്ളപ്പണക്കാരുടെ കാര്യം മാത്രമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പോരാട്ടം തുടരും. രാഹുല്‍ ഗാന്ധിക്കൊപ്പം നിന്നതിന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറയുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ്, മുകുള്‍ വാസ്‌നിക്, പി ചിദംബരം, ജയ്‌റാം രമേശ്, കെസി വേണുഗോപാല്‍, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com